സൂപ്പർ ഫോറിൽ സൂപ്പർ വിജയവുമായി പാകിസ്ഥാന്‍

ദുബായ്: ഏഷ്യാ കപ്പ് ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി.

തുടക്കത്തില്‍ ബാബര്‍ അസമിനെ (14) പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. രവി ബിഷ്‌ണോയിയാണ് അസമിനെ മടക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാനും (15) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്.  എന്നാല്‍ മറുവശത്ത് റിസ്‌വാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂട്ടിന് മുഹമ്മദ് നവാസ് (20 പന്തില്‍ 42) എത്തിയതോടെ പാക് ഇന്നിംഗ്‌സിന് വേഗം കൂടി. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ നവാസ് മടങ്ങി. റിസ്‌വാന്‍, ഹാര്‍ദിക്കിന്റെ പന്തില്‍ മടങ്ങിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. 51 പന്തിലാണ് റിസ്‌വാന്‍ 71 റണ്‍സ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്.

Top