ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കാന്‍ പാക്കിസ്ഥാന്‍; പിന്തുണ ചൈനയുടെ വക

മേരിക്കയുടെയും, ഫ്രാന്‍സിന്റെയും പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിന് മറുപടിക്കായി ഒരുങ്ങി പാകിസ്ഥാന്‍. ഇന്ത്യന്‍ പൗരന്‍മാരെ ഭീകരവാദികളായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രഖ്യാപനം നടത്തിക്കാനാണ് പാകിസ്ഥാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതെന്നാണ് സൂചന.

ചൈനയുടെ പിന്തുണയോടെ 1267 അല്‍ ഖ്വായ്ദ ഉപരോധ കമ്മിറ്റിയില്‍ രണ്ട് ഇന്ത്യക്കാരെ ആഗോള ഭീകരന്‍മാരായി പ്രഖ്യാപനം നടത്തിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയത്. ബലൂചിസ്ഥാനിലും, പെഷവാറിലും മുന്‍പ് നടന്നിട്ടുള്ള ഭീകരാക്രമണങ്ങളെ ഇവരുടെ മേല്‍ ചാര്‍ത്താന്‍ എഫ്‌ഐആറുകളും അയല്‍രാജ്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതോടെ പാകിസ്ഥാന്‍ ഭീകരര്‍ എന്ന് മുദ്ര ചാര്‍ത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം നാലായി ഉയര്‍ന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നാട്ടിലെത്തിച്ചവരാണ് നാല് പേരും. ആന്ധ്ര സ്വദേശിയായ ബാങ്ക് ജീവനക്കാരനും ഈ പട്ടികയില്‍ പെടും. 2017 ഫെബ്രുവരിയില്‍ ലാഹോറിലുണ്ടായ ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ തലയിലിടാനാണ് പാകിസ്ഥാന്റെ നീക്കം.

അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികള്‍ വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാകിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ യത്‌നിക്കുന്നത്. ഒരു മലയാളി യുവാവിനെ കുല്‍ഭൂഷണ്‍ യാദവിന് സമാനമായി പിടികൂടാനുള്ള പാക് ശ്രമങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ജാഗ്രത മൂലം അടുത്തിടെ തകര്‍ത്തിരുന്നു.

Top