ആവേശപ്പോരില്‍ നസീം ഷായുടെ ഇരട്ട സിക്‌സറില്‍ പാക് ജയം; അഫ്ഗാനെ തകര്‍ത്തു, ഇന്ത്യ പുറത്ത്

ദുബായ്: ആവേശകരമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍, അവസാന ഓവറില്‍ യുവതാരം നസീം ഷായുടെ ഇരട്ട സിക്‌സറാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 11 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്.

എന്നാല്‍ ഓവറിലെ ആദ്യ രണ്ടു പന്തുകളും സിക്‌സറിന് പറത്തി വാലറ്റക്കാരന്‍ നസീം ഷാ പാക്കിസ്ഥാന് ആവേശ വിജയം സമ്മാനിച്ചു. പാക്കിസ്ഥാന്‍ വിജയിച്ചതോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 129 റണ്‍സാണ് നേടിയത്. 37 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഹസ്രത്തുല്ല സസായ് 17 പന്തില്‍ 21 റണ്‍സെടുത്തു. റാഷിദ് ഖാന്‍ 15 പന്തില്‍ പുറത്താകാതെ 18 റണ്‍സെടുത്തു.

130 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഏഫ്ഗാന്‍ ബൗളിംഗിന് മുന്നില്‍ കിതച്ചു. 26 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 36 റണ്‍സെടുത്ത ഷതാബ് ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇഫ്തിഖര്‍ അഹമ്മദ് 30 റണ്‍സെടുത്തു. അഫ്ഗാനായി ഫരീദ് അഹമ്മദ് മാലിക് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Top