ലോകകപ്പ് സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല; ആവശ്യം അംഗീകരിച്ച് ഐസിസി

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി പരസ്പരം മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐസിസിയും ബിസിസിഐയും തള്ളി. എന്നാല്‍ പാക്കിസ്ഥാന്റെ ഒരു ആവശ്യം ഐസിസി അംഗീകരിച്ചു.

ഏകദിന ലോകകപ്പിന്റെ മത്സരക്രമം അനുസരിച്ച് മുംബൈയിലും കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ടത്. എന്നാല്‍ സെമിയിലെത്തിയാല്‍ പാക്കിസ്ഥാന് മുംബൈയില്‍ കളിക്കേണ്ടിവരില്ല. സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ ബിസിസിഐയെയും ഐസിസിയെയും അറിയിച്ചിരുന്നു. പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ച ഐസിസി സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്റെ സെമി മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റും. നവംബര്‍ 15ന് മുംബൈയിലാണ് ആദ്യ സെമി. നവംബര്‍ 16ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും.

പാക്കിസ്ഥാനാണ് സെമിയിലെങ്കില്‍ വേദികള്‍ പരസ്പരം മാറും. ഇന്ത്യ-പാക്കിസ്ഥാന്‍ സെമി ഫൈനലാണെങ്കിലും കൊല്‍ക്കത്തയിലാവും കളിക്കേണ്ടിവരിക. ഐസിസി ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാക്കിസ്ഥാന് മുംബൈയില്‍ മത്സരങ്ങളൊന്നുമില്ല. ഓസ്‌ട്രേലിയയെയും ന്യൂസിലന്‍ഡിനെയും ബെംഗലൂരുവിലും ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാനെയും ചെന്നൈയിലും പാക്കിസ്ഥാന്‍ നേരിടും.

ഇന്ത്യക്കെതിരെ അഹമ്മദാബാദിലും ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും കൊല്‍ക്കത്തയിലും യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുകളെ ഹൈദരാബാദിലുമാണ് പാക്കിസ്ഥാന്‍ നേരിടേണ്ടിവരിക. അടുത്തിടെ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഐസിസി പ്രതിനിധികളോടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന നിലപാട് അറിയിച്ചത്. ഇത് അംഗീകരിച്ചാണ് പാക്കിസ്ഥാന്റെ മുംബൈയിലെ മത്സരങ്ങള്‍ ഒഴിവാക്കായത്.

Top