Pakistan Will Attend Heart of Asia Conference in India: Sartaj Aziz

ഇസ്ലാമാബാദ്: ഡിസംബറില്‍ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യ,ചൈന, തുര്‍ക്കി തുടങ്ങി 14 അംഗ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും അമേരിക്കയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

പാകിസ്താനില്‍ നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യയുടെ ബഹിഷ്‌ക്കരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇന്ത്യയുടെ ബഹിഷ്‌ക്കരണത്തിന് അതേ രീതിയില്‍ തിരിച്ചടി നല്‍കാതെ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളെന്ന ധാരണ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയെടുക്കാനാണ് പാകിസ്താന്റെ നീക്കമെന്ന് കരുതുന്നു.

2011 ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സംവിധാനം നിലവില്‍ വന്നത്. കഴിഞ്ഞവര്‍ഷം പാകിസ്താനില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തിരുന്നു.

Top