ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം; ട്വിറ്ററില്‍ ക്യാമ്പയിന്‍

ലാഹോര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷ പ്രശ്‌നങ്ങള്‍ക്കിടയില്‍ സമാധാന പൂര്‍വം ഇടപെടല്‍ നടത്തിയ ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം. പാക്ക് മന്ത്രിയായ ഫവാദ് ചൗധരി ദേശീയ അസംബ്ലയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു.

പാക്ക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നാണ് ആവശ്യം. ഇതിന് പുറമേ ഇംറാന്‍ ഖാന് പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ ക്യാമ്പയിനും ട്വിറ്ററില്‍ നടക്കുന്നുണ്ട്. ഇമ്രാന് നൊബേല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്നു വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത്. സമാധാനം മുന്‍ നിര്‍ത്തി കമാന്‍ഡറെ വിട്ടയക്കുന്നുവെന്നാണ് ഇംറാന്‍ അറിയിച്ചിരുന്നത്.

അതേസമയം, ഇമ്രാന്‍ ഖാന് സമാധനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന പ്രമേയത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ട്വിറ്ററില്‍ പരിഹാസ ട്വീറ്റുകളും നിറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും സമാധാനത്തിനല്ല, മറിച്ച് ഏറ്റവും വിവേകശൂന്യനായ വ്യക്തിക്കുള്ള നൊബേലാണ് അദ്ദേഹത്തിന് നല്‍കേണ്ടതെന്നുമായിരുന്നു ട്വീറ്റുകള്‍. 2020-ല്‍ ഇമ്രാന്‍ ഖാനും മസൂദ് അസറും ഒരുമിച്ച് സമാധാനത്തിനുള്ള നൊബേല്‍ വാങ്ങുമെന്നും ട്വീറ്റുകളുണ്ടായി.

Top