പാക്കിസ്ഥാനിലെ യുഎസ് അംബാസഡര്‍ ഇനി യുഎസിലെ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി

വാഷിംഗ്ടണ്‍: ഫോറിന്‍ സര്‍വീസ് ഓഫീസറും പാക്കിസ്ഥാനിലെ യുഎസ് അംബാസഡറുമായ ഡേവിഡ് ഹാലിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസിലെ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി ആയി നിയമിച്ചു.സ്റ്റേറ്റ് സെക്രട്ടറിയുടെയും ഡെപ്യൂട്ടി സെക്രട്ടറിയും പദവി കഴിഞ്ഞാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയാണ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറിയുടേത്.

ഫോറിന്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവിയുമാണിത്. നിയമനം അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചാല്‍ ജൂണ്‍ നാലിന് റിട്ടയര്‍ ചെയ്ത തോമസ് എ ഷന്നന്റെ പകരക്കാരനായി ഹാലി നിയമിതനാകും. 2015 മുതല്‍ പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചുവരുന്ന ഡേവിഡ് ഹാലെ ഇന്ത്യ പാക് ബന്ധത്തെ ഊഷ്മളമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരികയാണ്.

പാക്കിസ്ഥാനില്‍ നിയമിക്കപ്പെടുന്നതിനുമുമ്പ് 2013 മുതല്‍ 2015 വരെ ലെബനോനിലെ യുഎസ് അംബാസിഡറായും, 2005 മുതല്‍ 2008 വരെ ജോര്‍ദാനിലെ അംബാസിഡറായും ഹാലി സേവനമനുഷ്ഠിച്ചു.

വാഷിംഗ്ടണില്‍ 2008 മുതല്‍ 2013 വരെ മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനായുള്ള സ്‌പെഷ്യല്‍ അംബാസഡറായും 2008 മുതല്‍ 2009 വരെ ബ്യൂറോ ഓഫ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്‌സിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001 മുതല്‍ 2003 വരെ ഹാലെ ഇസ്രായേല്‍പലസ്തീനിയന്‍ അഫയേഴ്‌സില്‍ ഡയറക്ടറായിരുന്നു. 1997 മുതല്‍ 1998 വരെ സ്റ്റേറ്റ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു.

ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ നിന്ന് വിദേശകാര്യ വകുപ്പിലെ ബാച്ചിലര്‍ ബിരുദം നേടിയ ഡേവിഡ് ഹാലിയ്ക്ക് വിശിഷ്ഠ സേവനത്തിനുള്ള അവാര്‍ഡുകളും, പ്രസിഡന്റില്‍ നിന്നുള്ള പ്രത്യേക അവാര്‍ഡുകളും നിരവധി സീനിയര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ എന്ന നിലയില്‍, ഇസ്ലാമബാദുമായി നിരന്തരമായി ഇടപഴകുന്നതിനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ തുടരുന്നതിനും പരിശ്രമിച്ച നയതന്ത്ര ഉദ്യോഗസ്ഥനാണ് ഡേവിഡ് ഹാലി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തകരാതിരിക്കേണ്ടത് പാക്കിസ്ഥാന്റെ ഭാവിക്ക് വളരെ പ്രധാനമാണെന്ന് 2015 ഏപ്രിലില്‍ പാക്കിസ്ഥാന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഹാലി നിയമ നിര്‍മാണ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയിരുന്നു.

Top