ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ച് പാകിസ്താന്‍ ടെസ്റ്റ് ബാറ്റര്‍ ആസാദ് ഷഫീഖ്

കറാച്ചി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ച് പാകിസ്താന്‍ ടെസ്റ്റ് ബാറ്റര്‍ ആസാദ് ഷഫീഖ്. കളിയോടുള്ള ആവേശം പോയതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് 37-കാരനായ താരം വ്യക്തമാക്കുന്നത്.

പാകിസ്താനുവേണ്ടി 77 ടെസ്റ്റുകളില്‍നിന്നായി 4,660 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. അസ്ഹര്‍ അലി, യൂനിസ്ഖാന്‍, മിസ്ബാഹുല്‍ ഹഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം പാക് ടെസ്റ്റ് ബാറ്റിങ്ങിലെ പ്രധാന താരമായിരുന്നു ആസാദും.

ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ട പഴയ ആവേശവും താത്പര്യവും ലഭിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിനാവശ്യമായ പഴയ ഫിറ്റ്നസും ഇപ്പോഴില്ല. അതുകൊണ്ട് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിടപറയുകയാണെന്ന് ആസാദ് വ്യക്തമാക്കി. കറാച്ചി വൈറ്റ്സിനെ ദേശീയി ട്വന്റി20 ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Top