പാക്കിസ്ഥാനില്‍ 12 സ്‌കൂളുകള്‍ക്ക് നേരെ ഭീകരാക്രമണം; ആളപായമില്ല

പാക്കിസ്ഥാന്‍: വടക്കന്‍ പാക്കിസ്ഥാനില്‍ 12 സ്‌കൂളുകള്‍ക്ക് നേരെ ഭീകരാക്രമണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയിരിക്കുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് താലിബാന്‍ തീവ്രവാദികള്‍ എതിര്‍ത്ത ജില്ലയിലാണ് ആക്രമണം ഉണ്ടായത്. രാത്രിയിലാണ് അക്രമണം നടന്നത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്തു. മറ്റൊരു സ്‌കൂള്‍ തീയിട്ട് നശിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. 12 സ്‌കൂളുകളില്‍ 8 എണ്ണം പെണ്‍കൂട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളാണ്.

താലിബാന്‍ തീവ്രവാദികളായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്ന് വിശ്യസിക്കുന്നവരാണ് പാക്കിസ്ഥാന്‍ താലിബാനും മറ്റ് ഭീകര സംഘടനകളും. പാക്കിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ 1000ത്തിലധികം സ്‌കൂളുകള്‍ക്ക് നേരെ ഇതിന് മുമ്പും അക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കിയിരുന്നു.

205919_9755264_updates

ആക്രമണങ്ങള്‍ നടന്നത് ഗില്‍ജിത്ത് പ്രവിശ്യയിലെ ഡിയമര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണെന്ന് പൊലീസ് പറഞ്ഞു. വിനോദസഞ്ചാര മേഖലയായ ഇവിടെ സ്ഥിരമായി വിദേശസഞ്ചാരികള്‍ക്കും മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും നേരെ താലിബാന്റെ അക്രമണങ്ങള്‍ നടക്കാറുണ്ടെന്നും പൊലീസ് കൂട്ടിചേര്‍ത്തു. അക്രമണത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ തീവ്രവാദത്തിനെതിരെയുള്ള ബാനറുകള്‍ ഉയര്‍ത്തികൊണ്ട് മാര്‍ച്ച് നടത്തി.

എന്നാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. 2012ല്‍ സ്വാത് താഴ്‌വരയിലാണ് നൊബേല്‍ ജേതാവ് മലാല യൂസഫ് സായിക്ക് താലീബാന്റെ വെടിയേറ്റത്. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു മലാലയക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തത്.

Top