ഇമ്രാൻ ഖാനെതിരെ വിമർശനവുമായി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: പാകിസ്താന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പോലും സംവിധാന മില്ലാത്ത ഇമ്രാൻ ഖാൻ സർക്കാർ രാജ്യത്തെ പതനത്തിലേക്കാണ് നയിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദാണ് നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ പരാതി പരിഗണിക്കവേ ഇമ്രാൻഖാന് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

രാജ്യത്തെ പല മേഖലയിലേയും സർക്കാർ സംവിധാനത്തിൽ ജീവനക്കാരെ കുത്തി നിറച്ചിരിക്കുകയാണ്. ഖൈബർ പഖ്തൂൺഖ്വായിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കണക്ക് അമ്പരപ്പിക്കുന്നതാണെന്നും ആ പ്രവിശ്യയിലെ മൊത്തം വരുമാനം പോലും ശമ്പളം കൊടുക്കാൻ തികയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഫസൽ മുഖ്താറാണ് സർക്കാർ സംവിധാനത്തിനെതിരെ പരാതിയുമായി എത്തിയത്. ഔദ്യോഗിക കാലഘട്ടത്തിൽ ഒരു തവണയും ശമ്പളം സമയത്ത് ലഭിച്ചിട്ടില്ലെന്നും നിലവിൽ പെൻഷനും ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

ഒരു രാജ്യം സ്വയം വരുമാനമുണ്ടാക്കാൻ മാർഗ്ഗങ്ങൾ തേടാതെ എത്രനാൾ കടംവാങ്ങി നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. നിലവിലുള്ള കടം എങ്ങനെയാണ് തിരിച്ചടക്കുന്നതെന്നും അതിന്റെ കണക്കും പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും കോടതി പറഞ്ഞു.

Top