ഹൈദരാബാദ് ഹൗസിലെ അടച്ചിട്ട വാതിലിന് അപ്പുറം ട്രംപും, മോദിയും തീരുമാനിച്ചുറപ്പിച്ചത്!

ഹൈദരാബാദ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടച്ചിട്ട വാതിലിന് അപ്പുറം പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തിയത്. സുപ്രധാനമായ പല വിഷയങ്ങളിലേക്കും ഇരുനേതാക്കളുടെയും ചര്‍ച്ചകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും, ഇന്ത്യ-യുഎസ് പ്രതിരോധ കരാറും ഇതില്‍ സുപ്രധാനമാണ്.

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപും, മോദിയും ഹൈദരാബാദ് ഹൗസിന് മുന്നില്‍ സംയുക്ത പ്രസ്താവന നടത്തി. താനും, ഫസ്റ്റ് ലേഡി മെലാനിയ ട്രംപും ഇന്ത്യയുടെ ആതിഥേയ മര്യാദയില്‍ വീണുപോയെന്ന് ട്രംപ് വ്യക്തമാക്കി. 3 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് ചര്‍ച്ചകളില്‍ ഉടലെടുത്ത പ്രധാന വിഷയം. അപ്പാച്ചെ, എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സൈനിക ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് എതിരെ ഇന്ത്യയും, യുഎസും സംയുക്തമായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെ നേരിടാനും, പൗരന്‍മാരെ സംരക്ഷിക്കാനും സഹകരിക്കാമെന്ന കാര്യത്തില്‍ തീരുമാനമായതായി ട്രംപും കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജമേഖലയില്‍ ഒരെണ്ണം ഉള്‍പ്പെടെ മൂന്ന് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും, യുഎസും ഒപ്പുവെച്ചത്.

5ജി സാങ്കേതിക വിദ്യയാണ് ചര്‍ച്ചയായ മറ്റൊരു വിഷയം. ചൈനീസ് കമ്പനിയായ ഹുവാവെയ്ക്ക് മുന്‍പെ ഇന്ത്യയിലെ 5ജി മേഖല പിടിക്കാനാണ് ട്രംപിന്റെ ശ്രമം. നേരത്തെ ബ്രിട്ടന്‍ 5ജി സാങ്കേതിക വിദ്യക്ക് ഹുവാവെയുമായി കരാറില്‍ ഏര്‍പ്പെട്ടത് അട്ടിമറിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമായെന്ന് പറയാനും ഇരുനേതാക്കളും ശ്രമിച്ചു.

Top