കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം; രജൗറിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

jammu kashmir

ജമ്മു: ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയവരില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഇതുവരെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ നിയന്ത്രണ രേഖയില്‍ പാക്ക സൈന്യത്തിന്റെ വെടിവെപ്പില്‍ നാട്ടുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

രജൗറി ജില്ലയിലെ പുഖെര്‍ണിയിലാണ് ശനിയായഴ്ച രാത്രി പാക് വെടിവെപ്പുണ്ടായത്. പര്‍വീന്‍ അക്തര്‍ എന്ന സത്രീയാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പൂഞ്ച് ജില്ലയില്‍ പാക് വെടിവെപ്പില്‍ മറ്റൊരു സ്ത്രീ കൊല്ലപ്പെടുകയും മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഇടക്കിടെ പ്രകോപനമുണ്ടാകു്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് സുന്‍ജുവാന്‍ ക്യാമ്പിനുള്ളില്‍ ഭീകരര്‍ നുഴഞ്ഞുകയറിയത്. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് മരിച്ചിരുന്നു. ആക്രമണത്തില്‍ കേണലടക്കം ഒന്‍പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്വാര്‍ട്ടേഴ്സുകളില്‍ ഒളിച്ചിരിക്കുന്ന അവശേഷിക്കുന്ന ഭീകരരെക്കൂടി പിടികൂടാനുള്ള സൈനികനടപടികളാണ് തുടരുന്നത്. ആക്രമണം നടന്ന് 27 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. ക്വാര്‍ട്ടേഴ്സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്. ഉധം പൂരിലെ സൈനിക ക്യാമ്പില്‍നിന്നെത്തിയ കമാന്‍ഡോകളാണ് ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യോമസേനയുടെ സഹായവും ഇവര്‍ക്കുണ്ട്.

സുബേദര്‍മാരായ എം. അഷ്റഫ് മിര്‍, മദന്‍ലാല്‍ ചൗധരി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പതാകയും കണ്ടെത്തിട്ടുണ്ട്. പരിക്കേറ്റവരെ ജമ്മുവിലെ സൈനികാശുപത്രിയില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചു.

Top