സപാര്‍കോ: ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 470 കോടി രൂപയാണ് സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി (സപാര്‍കോ) പാകിസ്താന്‍ വകയിരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് കുറവ് വരുത്തുക എന്നാതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 255 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 3 പുതിയ പദ്ധതികള്‍ ഇതിലുള്‍പ്പെടും. അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ ഇതിനായി ആശ്രയിച്ചുവരുന്നത്. ഇന്ത്യയുടെ വിവിധ ഉപഗ്രഹ പദ്ധതികളുമായി മുന്‍കാലത്തേത്തില്‍ നിന്ന് വ്യത്യസ്തമായി അമേരിക്ക കൂടുതല്‍ സഹകരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുമായുള്ള ബന്ധം കുറയ്ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ സാറ്റലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാന്‍ പാകത്തിലുള്ള പദ്ധതിക്ക് രൂപം നല്‍കിയതായും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലായി പുതിയ സ്‌പേസ് സെന്ററുകള്‍ ആരംഭിക്കാനാണ് പാക് പദ്ധതി.

Top