കശ്മീര്‍ വിഷയം; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാന്‍. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാന്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വിഷയം ഉന്നയിച്ച പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും വിഷയങ്ങള്‍ പരസ്പരം പരിഹരിക്കണമെന്നാണ് ചൈന പാക്കിസ്ഥാന് നല്‍കിയ മറുപടി.

പാക്കിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഇത്തവണത്തെ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് അറിയിച്ചു.

ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരസ്പരം സ്വീകാര്യമായ പരിഹാരത്തിലെത്തിച്ചേരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പോളണ്ട് പറയുന്നത്.

Top