പാക്കിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് വലിയ സംഖ്യ കടമെടുക്കുന്നതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും വന്‍തുക വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. 8 ബില്യണ്‍ ഡോളര്‍ കടമെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

12 ബില്യണ്‍ ഡോളര്‍ വരെ ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ധനകാര്യമന്ത്രി ആസാദ് ഉമര്‍ ഐഎംഎഫുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1,300 പോയന്റ് ഇടിവാണ് ഉണ്ടായത്. ഇത് ഏകദേശം 270 ബില്യണ്‍ രൂപയോളം വരും.

പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന വിശദമായി മനസ്സിലാക്കിയെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ഡസനോളം പാക്കേജുകള്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ഐഎംഎഫില്‍ നിന്നും സ്വീകരിച്ചു കഴിഞ്ഞു. കടബാധ്യതകള്‍ വലിയ പ്രശ്‌നങ്ങളാണ് ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍, ഐഎംഎഫിന്റെ കടുത്ത നിയമങ്ങള്‍ രാജ്യത്ത് വിലക്കയറ്റം അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

Top