പാക് സുരക്ഷാ ഭീഷണി; ഏകദിന-ടി20 പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറി

റാവല്‍പിണ്ടി: പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസീലന്‍ഡ് പിന്മാറി. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പര്യടനത്തില്‍ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്തി ന്യൂസീലന്‍ഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏര്‍പ്പാടുകളില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ന്യൂസീലന്‍ഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതല്‍ വിവരിക്കാനില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ടീം ഉടന്‍ പാകിസ്താനില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക് മടങ്ങും. അതേസമയം, പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. പാകിസ്താന്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളില്‍ ന്യൂസീലന്‍ഡ് തൃപ്തരായിരുന്നു.

ഇമ്രാന്‍ ഖാന്‍ വ്യക്തിപരമായി ജസീന്ത ആര്‍ഡനോട് സംസാരിച്ചിരുന്നു. മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ഒരു തരത്തിലുള്ള ഭീതിയും വേണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അവസാന നിമിഷം പര്യടനത്തില്‍ പിന്മാറിയത് നിരാശയുണ്ടാക്കുന്നു എന്നും പിസിബി വ്യക്തമാക്കി.

 

Top