മസൂദ് അസറിനെ കാണാനില്ലെന്ന് പാകിസ്ഥാന്‍; ആയുധമാക്കാന്‍ ഇന്ത്യ

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്റെ വാദം ചൂണ്ടിക്കാണിച്ച് അയല്‍ക്കാരുടെ തട്ടിപ്പ് നിലപാട് തുറന്നുകാണിക്കാന്‍ ഇന്ത്യ. സുപ്രധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗങ്ങളില്‍ പലകുറി ആവര്‍ത്തിച്ച നിലപാടാണ് പാകിസ്ഥാന്‍ വീണ്ടും വാദിക്കുന്നത്.

പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫ് നടപടിയില്‍ എന്തൊക്കെ നടപടികള്‍ ഉണ്ടായെന്ന് പാരീസില്‍ നടക്കുന്ന പ്ലീനറി പരിശോധിക്കും. ചുരുങ്ങിയത് 12 രാജ്യങ്ങള്‍ പാകിസ്ഥാനെ പട്ടികയില്‍ നിന്നും നീക്കുന്നതിനെ അനുകൂലിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 27 ഇന നടപടിയില്‍ കേവലം 13 എണ്ണത്തില്‍ മാത്രം പ്രതികരിച്ചിട്ടുള്ള പാകിസ്ഥാന് ആശ്വാസ നടപടി ഉണ്ടാകാന്‍ ഇടയില്ല.

മസൂദ് അസര്‍ ഒളിച്ച് താമസിക്കുന്നതിനാല്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ എഫ്എടിഎഫില്‍ വാദിക്കുന്നു. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ജെയ്‌ഷെ ഉടമസ്ഥതയിലുള്ള മദ്രസകളും, കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 2016 മുതല്‍ പാക് സര്‍ക്കാരിന്റെ സുരക്ഷാ കസ്റ്റഡിയിലുള്ള അസറിനെ കണ്ടില്ലെന്നാണ് ഇപ്പോള്‍ അവര്‍ വാദിക്കുന്നത്.

കൂടാതെ തന്റെ അണികള്‍ക്കായി ശബ്ദസന്ദേശങ്ങളും അസര്‍ പുറത്തുവിടാറുണ്ട്. പുല്‍വാമ അക്രമണത്തിന് ശേഷമാണ് അസര്‍ നിശബ്ദനായത്. കൂടാതെ പാക് സര്‍ക്കാരും ഇയാളെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു. പുല്‍വാമ അക്രമത്തിന് ശേഷം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മദൂദ് ഖുറേഷി തന്നെ ഇയാള്‍ പാകിസ്ഥാനിലുള്ളതായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ ശക്തമായ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കാമെന്നാണ് ഖുറേഷി അന്ന് പ്രഖ്യാപിച്ചത്.

Top