പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയും മോചിപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കാണാതായ രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി സൂചന. രണ്ട് പേരും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത് തിരികെ എത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇവരെ പാകിസ്ഥാന്‍ മോചിപ്പിച്ചതെന്നാണ് സൂചന.

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനില്‍ നിയോഗിച്ചിരുന്ന രണ്ട് സിഐഎസ്എഫ് ജീവനക്കാരെ രാവിലെയാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ച വാഹനം ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി എന്നാണ് പാക് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.

ഇരുവരും പാക് കസ്റ്റഡിയിലെന്ന് വ്യക്തമായതോടെ ഇന്ത്യ പാകിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി. രണ്ട് ജീവനക്കാരെയും കസ്റ്റഡിയില്‍ പീഡിപ്പിക്കാതെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ സുരക്ഷ പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്‌ഐ അംഗം സഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാള്‍ വാഹനത്തെ പിന്തുടര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Top