ഇന്ത്യയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പലതവണ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നു അറിയിച്ചതാണ്. എന്നാല്‍ ഇന്ത്യ അംഗീകരിച്ചില്ല. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം മതി ചര്‍ച്ച എന്ന വാദമാണ് അവര്‍ ഉന്നയിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും താന്‍ തുറന്നിട്ടിരുന്നു. എന്നാല്‍ ഇത് പ്രീതിപ്പെടുത്തലായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇനി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതില്‍ ഒരു കാര്യവുമില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി.

80 ലക്ഷം കശ്മീരികളുടെ ജീവന്‍ അപായത്തിലാണെന്ന് പറഞ്ഞ ഇമ്രാന്‍, മേഖലയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി നിലനില്‍ക്കുണ്ടെന്നും അറിയിച്ചു.

ജമ്മു-കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി ഇന്ത്യ എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് പുതിയ നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍ രംഗത്ത് എത്തിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെ പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പാകിസ്ഥാനെതിരായ സൈനിക നടപടിയെ ന്യായീകരിക്കാന്‍ ഇന്ത്യ കശ്മീരില്‍ വ്യാജ ആക്രമണം നടത്തിയേക്കുമെന്നും ഇമ്രാന്‍ ട്രംപിനോടു ആശങ്ക പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് രാജ്യാന്തര മാധ്യമത്തിലൂടെ ഇമ്രാന്‍ ഖാന്റെ പുതിയ പ്രസ്താവന.

Top