ഇന്ത്യയെ ‘നേരിടാന്‍’ അതിര്‍ത്തിയില്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതിയുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ നിരീക്ഷണം മറികടക്കാന്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതിയുമായി പാകിസ്ഥാന്‍.

ചൈനയുടെ സഹായത്തോടെ 135 കിലോമീറ്ററില്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതി ഒരുക്കാനാണ് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമാണിതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4.4 കോടി ഡോളറാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്.

പാകിസ്ഥാന്റെ ആശയവിനിയ ശൃംഖലകളില്‍ ഇന്ത്യന്‍ നീരീക്ഷണം ഭയന്നാണ് പുതിയ പദ്ധതിക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യന്‍ കമ്പനികളെയടക്കം ഉള്‍ക്കൊള്ളിച്ചുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍നെറ്റ് ശൃംഖലയാണ് നിലവില്‍ പാകിസ്ഥാനും ഉപയോഗിക്കുന്നത്.

21 പേജുകളുള്ള ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പദ്ധതി രേഖകള്‍ പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പാകിസ്ഥാനേയും ചൈനയേയും നേരിട്ട് ബന്ധിപ്പിക്കുന്ന ഫൈബര്‍ ഒപ്റ്റിക് കേബിള്‍, അന്ധര്‍വാഹിനി ലാന്‍ഡിംഗ് സ്റ്റേഷന്‍, സുഗമമായ ഇന്റര്‍നെറ്റ് ട്രാഫിക് , ഡിജിറ്റല്‍ ടിവി തുടങ്ങിയ നവീന ആശയവിനിമയ ചട്ടക്കൂടടക്കമുള്ളതാണ് പദ്ധതി.

2030 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബലൂചിസ്ഥാന്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിവടങ്ങളിലെ കണക്ടിവിറ്റിയേയും മെച്ചപ്പെടുത്തും. വികസന ഘടകങ്ങളാണ് പദ്ധതിക്ക് പിന്നിലെന്ന് പാകിസ്ഥാന്‍ പറയുന്നത്.

ഇപ്പോള്‍ പാകിസ്ഥാന്റെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പുറംലോകവുമായി ബന്ധിപ്പിക്കുന്നത് കടലിനടിയിലൂടെയുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകളാണ്.

Top