പാകിസ്ഥാന് തിരിച്ചടി ;കശ്മീർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം യുഎൻ തള്ളി

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി. വിഷയത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

നേരത്തെ കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ 115 പേജുള്ള പരാതി സമർപ്പിച്ചിരുന്നു. നടപടിയെ പ്രതിരോധിക്കാൻ ഇന്ത്യയും നീക്കങ്ങൾ നടത്തിയിരുന്നു.

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയുടെ നേതൃത്വത്തിലുള്ള സംഘം ജനീവയിലുണ്ട്. മനുഷ്യാവകാശ കമ്മിഷൻ മേധാവി മിച്ചൽ ബാച്‌ലെയെക്കണ്ട് സംഘം ഇതിനകം കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും ധരിപ്പിച്ചിട്ടുണ്ട്.

Top