പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു; മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ്

കറാച്ചി : മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു. ഇമ്രാൻ ഖാനെ മത്സര രംഗത്തുനിന്ന് അകറ്റാൻ കഴിഞ്ഞതിനാൽ നിഷ്പ്രയാസം ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് നവാസ് ശരീഫ്. പാകിസ്ഥാൻ ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ്. 12.7 കോടി വോട്ടർമാർ ആണ് പട്ടികയിൽ. രാജ്യത്തിന്റെ പലഭാഗത്തും ഭീകരവാദ ഭീഷണിയും അക്രമ സാധ്യതയും നിലനിൽക്കുന്നതിനാൽ കനത്ത ഭീതിയിലാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ എത്ര ശതമാനം പേർ ബൂത്തിലെത്തുമെന്ന് വ്യക്തമല്ല.

പരസ്യപ്രചാരണം ഇന്നലെ അർധരാത്രി അവസാനിച്ചു. ഇന്നും നാളെയും നിശബ്ദ ദിനങ്ങൾ ആണ്. പാകിസ്ഥാനിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവായ ഇമ്രാൻ ഖാൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണ്. അദ്ദേഹത്തിന്റെ പാർട്ടി ആയ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചിരിക്കുകയാണ്. അതിനാൽ ഇമ്രാന്റെ പാർട്ടി ഇത്തവണ സ്വതന്ത്രർ ആയാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്.

ഇമ്രാനെ മത്സരചിത്രത്തിൽ നിന്ന് പുറത്താക്കാനുള്ള പാക് സൈന്യത്തിന്റെ തന്ത്രം വിജയിച്ചതോടെ നവാസ് ശരീഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടിയുടെ ന്മേതൃത്വം ഏറ്റെടുത്ത നവാസ് ശരീഫ് മുൻപ് മൂന്നു തവണ പാകിസ്ഥാൻ പ്രധാനമന്ത്രി ആയിട്ടുണ്ട്. ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മത്സര രംഗത്ത് ഉണ്ടെങ്കിലും സൈന്യത്തിന്റെ പിന്തുണ നവാസ് ശരീഫിനാണ്. ജനാധിപത്യം പലപ്പോഴും പ്രഹസനമായിട്ടുള്ള പാകിസ്ഥാനിൽ ഇത്തവണയും പട്ടാളത്തിന്റെ ആശീർവാദത്തോടെ നവാസ് ശരീഫ് തന്നെ അധികാരത്തിൽ എത്തുമെന്ന് മിക്കവരും കരുതുന്നു.

Top