Pakistan Occupied Kashmir Will Remain With Pakistan: Farooq Abdullah

ശ്രീനഗര്‍: പാക് അധീന കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നും അത് അങ്ങനെ തന്നെ നിലനില്‍ക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള.

പാക് അധീന കശ്മീര്‍ പാകിസ്ഥാനിലാണ്. അത് അങ്ങനെ തന്നെ നിലനില്‍ക്കണം. ജമ്മു കശ്മീര്‍ ഇന്ത്യയിലാണ് അതും അങ്ങനെ തന്നെ നിലനില്‍ക്കണം. ഈ സത്യം നാം മനസിലാക്കണം. എന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ചര്‍ച്ചയല്ലാതെ വേറെ വഴിയില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ആമിര്‍ ഖാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വര്‍ഷങ്ങളായി താന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അത് ഇന്ത്യയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രസ്താവനയ്‌ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശമുയര്‍ന്നു. 1994 ലെ പാര്‍ലമെന്റ് പ്രമേയം പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിങ് വ്യക്തമാക്കി.

Top