നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂമിന്റെ ആരോഗ്യനിലയില്‍ പുരോഗമനം

navas sharriff

ലണ്ടന്‍: മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകള്‍ മറിയത്തിന്റെയും അറസ്റ്റിന് മുമ്പ് തന്നെ നവാസിന്റെ ഭാര്യ കുല്‍സൂം നവാസ് കോമാ അവസ്ഥയില്‍ നിന്നും കണ്ണു തുറന്നു. കുല്‍സൂമിന്റെ മകന്‍ ഹുസൈന്‍ നവാസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്.

തന്റെ മാതാവിനായി പ്രാര്‍ത്ഥിക്കണമെന്നും ഹുസൈന്‍ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു. ഒരു മാസത്തിനുശേഷം മാതാവ് കണ്ണുകള്‍ തുറന്നെന്നും ഇത് സംബന്ധിച്ച് തനിക്ക് മറ്റൊന്നും പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുല്‍സൂമിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജീവന്‍രക്ഷാ ഉപാധികളോടെയായിരുന്നു ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജൂണ്‍ 14നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ആഗസ്റ്റു മുതല്‍ തൊണ്ടയിലെ അര്‍ബുദ ബാധയേത്തുടര്‍ന്ന് കുല്‍സൂം ചികിത്സയിലായിരുന്നു. ഏപ്രിലില്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇവരെ ചികിത്സക്കായി ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.

Top