യുക്രെയിന്‍ ‘മോഡല്‍’ ആക്രമണത്തെ പാക്കിസ്ഥാനും ഭയക്കുക തന്നെ വേണം

ന്ത്യയില്‍ അശാന്തി വിതയ്ക്കാന്‍ പാക്കിസ്ഥാന്‍ നിരന്തരം ഉപയോഗപ്പെടുത്തുന്നത് പാക്ക് അധീന കശ്മീരിനെയാണ്. സൈനികര്‍ ഉള്‍പ്പെടെ അനവധി പേരാണ് ഈ മണ്ണില്‍ നിന്നും ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്ത്യ നടത്തിയ ബാലക്കോട്ടിലെ മിന്നില്‍ ആക്രമണത്തിനു ശേഷം ഒരു പരിധിവരെ ഭീകരരെ തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പാക്ക് സൈന്യത്തിന്റെ ഇന്ത്യക്കെതിരായ പ്രധാന ‘കുന്തമുന’ തന്നെ പാക്ക് അധീന കശ്മീരാണ്. അതു കൊണ്ടു തന്നെ ഈ മണ്ണ് പിടിച്ചെടുക്കേണ്ടത് ഇന്ത്യയുടെ സുരക്ഷക്കും ഏറെ അനിവാര്യമാണ്.

യുക്രെയിനില്‍ റഷ്യ കാണുന്ന ഭീഷണിക്ക് സമാനമാണ് പാക്ക് അധീന കശ്മീര്‍ മുന്‍നിര്‍ത്തിയുള്ള പാക്കിസ്ഥാന്റെ ഭീഷണിയും…. അങ്ങനെ മാത്രമേ ഈ ഘട്ടത്തില്‍ വിലയിരുത്താനും കഴിയുകയൊള്ളു. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ പിഴവിനാണ് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നത്. ബാലക്കോട്ടെ മിന്നല്‍ ആക്രമണത്തിലൂടെ ഭീകരര്‍ക്കും പാക്ക് സൈന്യത്തിനും ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിനു സാധിച്ചിട്ടുണ്ടെങ്കിലും പാക്ക് അധീനകശ്മീര്‍ പിടിച്ചെടുക്കും വരെ ഭീഷണി ഒഴിയുകയില്ല.

യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന വാദത്തിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ചില യുദ്ധങ്ങള്‍ രാജ്യങ്ങളുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണെന്നതും നാം തിരിച്ചറിയണം. അമേരിക്കന്‍ സൈനിക സഖ്യം…അഥവാ നാറ്റോ, യുക്രെയിനില്‍ ആധിപത്യം സ്ഥാപിച്ചാലുള്ള ഭീഷണിയാണ് റഷ്യയെ ശക്തമായ ആക്രമണത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. യുക്രെയിന് നാറ്റോ അംഗത്വം നല്‍കാനുള്ള അവസാന ഘട്ടത്തിനിടെയാണ് റഷ്യ, യുക്രെയിനെ ആക്രമിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തില്‍ യുക്രെയിനെ ചേര്‍ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു എങ്കില്‍, ഈ യുദ്ധം തന്നെ ഒരുപക്ഷേ ഒഴിവായി പോകുമായിരുന്നു.

എന്നാല്‍, അതിനു അമേരിക്കല്‍ സാമ്രാജ്യത്വം ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല. യുക്രെയിന്‍ നാറ്റോ അംഗരാജ്യമായാല്‍ യുക്രെയിനില്‍ വിന്യസിക്കപ്പെടുന്ന അമേരിക്കന്‍ മിസൈലുകള്‍ക്ക് 5 മിനുട്ടിനുള്ളിലാണ് മോസ്‌കോയെ ചാമ്പലാക്കാന്‍ സാധിക്കുക. ഈ ഭീഷണിയാണ് യുക്രെയിന്‍ പിടിച്ചെടുക്കുന്നതിലൂടെ റഷ്യ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

പാക്ക് അധീന കശ്മീരില്‍ നിന്നും പാക്ക് സൈന്യത്തിനു മാത്രമല്ല ചൈനയ്ക്കും ഇന്ത്യയെ ആക്രമിക്കാന്‍ എളുപ്പമാണ്. യുക്രെയിനെ സൈനിക താവളമാക്കാന്‍ അമേരിക്ക ശ്രമിച്ചതു പോലെ ചൈനയ്ക്കും പാക്ക് അധീന കശ്മീരില്‍ മിസൈലുകള്‍ സ്ഥാപിക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ ചൈനയുടെ ‘അടിമ രാഷ്ട്രമായാണ് ‘ പാക്കിസ്ഥാന്‍ മാറിയിരിക്കുന്നത്. ഇതെല്ലാം തന്നെ വലിയ ഒരു സുരക്ഷാ ഭീഷണിയാണ്. ഇന്ത്യ എന്തുകൊണ്ടു റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്നില്ല എന്നു ചോദിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും കാണാതെ പോകരുത്. പുട്ടിന്‍ അല്ല നരേന്ദ്ര മോദി അതുപോലെ തന്നെ ഇന്ത്യ റഷ്യയുമല്ല അങ്ങനെ ആയിരുന്നു എങ്കില്‍ എത്രയോ മുന്‍പു തന്നെ പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ കൈവശം ഇരിക്കുമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, എക്കാലത്തും സമാധാനത്തിനു വേണ്ടി മാത്രമാണ് നിലനിന്നിരുന്നത്. ഇന്ത്യയുടെ ഈ വിട്ടുവീഴ്ച പക്ഷേ, പാക്കിസ്ഥാന് ‘വളമാകുകയാണ്” ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഭീകരരെ മുന്‍നിര്‍ത്തി അവര്‍ നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പഴയ ഇന്ത്യയല്ല പുതിയ കാലത്തെ ഇന്ത്യയെന്ന സന്ദേശം കൂടുതല്‍ ശക്തമായി തന്നെ ശത്രു രാജ്യങ്ങള്‍ക്ക് നല്‍കേണ്ട കാലഘട്ടമാണിത്. റഷ്യയുടെ യുക്രെയിന്‍ അധിനിവേശം അതിനു പ്രേരണ നല്‍കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ മനസ്സു വച്ചാല്‍ നിമിഷ നേരം കൊണ്ട് തന്നെ കീഴടക്കാന്‍ പറ്റുന്ന പ്രദേശമാണ് പാക്ക് അധീനകശ്മീര്‍. ഇന്ത്യ അത്തരം ഒരു നീക്കം നടത്താന്‍ തയ്യാറായാല്‍ റഷ്യക്കുള്‍പ്പെടെ പിന്തുണയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാകും. ഈ ‘അപകടം’ മുന്നില്‍ കണ്ടു കൂടിയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തിരക്കിട്ട് റഷ്യയിലേക്ക് ഓടിയിരിക്കുന്നത്.

റഷ്യ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന കാലത്തോളം ചൈനക്ക് ഒരിക്കലും ഒരു പരിധിക്ക് അപ്പുറം തങ്ങളെ സഹായിക്കാന്‍ കഴിയില്ലന്ന യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യക്കു അനുകൂലമായി പരസ്യമായി നിലപാടെടുത്തിട്ടും പാക്ക് പിന്തുണയ്ക്ക് വലിയ പ്രാധാന്യമൊന്നും റഷ്യ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ച് ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനാണ് പുടിന്‍ ശ്രമിച്ചിരിക്കുന്നത്. യുക്രെയിന്‍ വിഷയത്തില്‍ റഷ്യയെ സ്വാധീനിക്കാന്‍ ഏതെങ്കിലും ഒരു രാജ്യത്തിനു കഴിയുമെങ്കില്‍ അത് ഇന്ത്യയ്ക്ക് മാത്രമായിരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ പത്രസമ്മേളനത്തില്‍ പോലും ഇന്ത്യയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്താണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് യുക്രെയിന്‍ നല്‍കുന്നത് വലിയ ഒരു ‘പാഠ’മാണ്. ശത്രു രാജ്യങ്ങളെ കൂടുതല്‍ ശക്തമായി തന്നെ രാജ്യത്തിനു ഇനി നിരീക്ഷിക്കേണ്ടി വരും. പാക്കിസ്ഥാന് പുറമെ ശ്രീലങ്കയിലും നേപ്പാളിലും ഇപ്പോള്‍ തന്നെ ചൈനീസ് സ്വാധീനം പ്രകടമാണ്. യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈന തായ്‌വാനില്‍ അധിനിവേശം നടത്തുമെന്ന ഭീഷണിയും വ്യാപകമാണ്. അമേരിക്കയെ ‘നമ്പി’ ഇരുന്നാല്‍ തായ്‌വാനും ആക്രമിക്കപ്പെടാനാണ് സാധ്യത. ഉപരോധത്തിനും മുന്നറിയിപ്പിനും അപ്പുറം സൈനികമായ ഒരു സഹായവും ഒരു രാജ്യവും ഇനി അമേരിക്കയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അത്തരമൊരു സന്ദേശമാണ് യുക്രെയിനിലുടെ നല്‍കിയിരിക്കുന്നത്. റഷ്യയോടും ചൈനയോടും ‘മുട്ടി’ പരാജയപ്പെട്ടാല്‍ പിന്നെ അമേരിക്ക എന്ന രാജ്യത്തിന് നിലനില്‍പ്പു തന്നെ ഉണ്ടാകുകയില്ല.

നാറ്റോ എന്ന സഖ്യം തന്നെയാണ് അതോടെ ഇല്ലാതാകുക. ഈ ഒരു സാഹചര്യത്തില്‍ ലോക സൈനിക ചേരികളില്‍ വലിയ ഒരു മാറ്റത്തിനും സാധ്യത ഏറെയാണ്. നിലവില്‍ റഷ്യക്കൊപ്പമാണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത് എങ്കിലും ഇന്ത്യയുമായി ഒരു സംഘര്‍ഷം ഉണ്ടായാല്‍ റഷ്യ ഇന്ത്യക്കൊപ്പമാണ് നില്‍ക്കുക എന്ന നല്ല ബോധ്യവും ചൈനയ്ക്കുണ്ട്. മാത്രമല്ല അതിവേഗം വളരുന്ന ഇന്ത്യ ഇപ്പോള്‍ തന്നെ ലോകത്തെ പ്രധാന സൈനിക ശക്തികളില്‍ പ്രധാനിയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ഉള്ള രാജ്യവും ഇന്ത്യയാണ്. ഇന്ത്യയുടെ ഈ സ്വീകാര്യത ഉപയോഗപ്പെടുത്തേണ്ടത് റഷ്യയെ സംബന്ധിച്ച് ആവശ്യവുമാണ്.

റഷ്യയും ഇന്ത്യയും ഉള്‍പ്പെടുന്ന ചേരിയില്‍ പ്രമുഖ നാറ്റോ രാജ്യങ്ങള്‍ ഉള്‍പ്പെടെ എത്താനുള്ള സാധ്യതയും ഇനി തള്ളിക്കളയാന്‍ കഴിയുകയില്ല. ചൈനയുമായി റഷ്യ അകലം പാലിക്കുന്നതോടെ അതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.നിലവില്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജര്‍മ്മനിക്ക് വളരെ അടുത്ത ബന്ധമാണ് റഷ്യയുമായുള്ളത്. വളരെ തുച്ഛമായ വിലയ്ക്കാണ് പ്രകൃതിവാതകം ജര്‍മ്മനിക്ക് റഷ്യ നല്‍കുന്നത്. അമേരിക്കയെ ഏറെ അസ്വസ്ഥപ്പെടുത്തിയ തീരുമാനമാണിത്.

യുക്രെയിന്‍ വിഷയത്തില്‍ അമേരിക്ക ‘പാലം’ വലിച്ചതോടെ ഇനി എന്തിനു നാറ്റോയില്‍ തുടരണമെന്ന ചോദ്യവും പല നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു. റഷ്യയുമായി നല്ല ബന്ധത്തില്‍ പോകാനാണ് അവരില്‍ പലരും ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നാറ്റോ പ്രഖ്യാപിച്ച ഉപരോധം പോലും അധികം വൈകാതെ പിന്‍വലിക്കാനാണ് സാധ്യത.

ഒപ്പം നില്‍ക്കുമെന്ന് വാഗ്ദാനം നല്‍കി വഞ്ചിക്കുന്ന അമേരിക്കയേക്കാള്‍ പോരാളികളുടെ രാജ്യമായ റഷ്യക്കു തന്നെയാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഏറെയിരിക്കുന്നത്. റഷ്യന്‍ ചേരിയില്‍ ചേര്‍ന്നാലും ഇല്ലങ്കിലും അമേരിക്കയെ വിശ്വസിച്ച് ഇനി ഒരു രാജ്യവും പോര്‍മുഖം തുറക്കുകയില്ല. അക്കാര്യം എന്തായാലും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

EXPRESS KERALA VIEW

Top