പാകിസ്ഥാന്‍ ഒരുപാട് ചിലയ്‌ക്കേണ്ട; സ്വന്തം മണ്ണിലെ തീവ്രവാദികളെ ഒതുക്കണം

ന്ത്യയുടെ ഭരണഘടനയ്ക്കുള്ളില്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചും ആശങ്ക അറിയിച്ചും രംഗത്ത് വരുന്നത് പാകിസ്ഥാന്റെ സ്ഥിരം രീതിയാണ്. എന്നാല്‍ അവരുടെ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരാവാദി സംഘടനകളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഇത്തരം സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കുന്ന എല്ലാ രീതികളെയും തടയാനും ശ്രമിക്കണമെന്ന് ഇന്ത്യയിലെ ഇയു അംബാസിഡര്‍ ഉഗോ അസ്ടൂറ്റോ വ്യക്തമാക്കി.

അയല്‍ക്കാരെക്കുറിച്ചുള്ള ഇന്ത്യയുടെ സുരക്ഷാ ആശങ്ക ശരിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അസ്ടൂറ്റോ ആവശ്യപ്പെട്ടു. ‘നിയമം പരിപാലിക്കണമെന്നാണ് പാകിസ്ഥാനോട് ആഹ്വാനം ചെയ്യുന്നത്. അവരുടെ രാജ്യത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര സംഘടനകളെയും നേരിടണം. ഭീകരര്‍ക്ക് ലഭിക്കുന്ന എല്ലാവിധ സാമ്പത്തിക പിന്തുണകളും അവസാനിക്കണം’, അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ പരിശോധിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് തീവ്രവാദ സാമ്പത്തിക സഹായത്തിന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കി കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉഗോ അസ്ടൂറ്റോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സുരക്ഷ ആശങ്കകള്‍ സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഇന്ത്യയുടെ നടപടി ആഭ്യന്തര കാര്യമാണെന്നാണ് ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് സ്വീകരിച്ചത്.

Top