കറാച്ചി ടെസ്റ്റ്: ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

കറാച്ചി: ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ പാകിസ്ഥാന് ബാറ്റിംഗ്. കറാച്ചി, നാഷണൽ സ്‌റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന രീതിയിലാണ് പാകിസ്ഥാന്റെ തുടക്കം. ആതിഥേയർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. 19 റൺസാണ് സ്കോർബോർഡിലുള്ളത്. അബ്ദുൾ ഷെഫീഖ് (7), ഷാൻ മസൂദ് (3) എന്നിവരാണ് മടങ്ങിയത്. അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ സ്റ്റംപ് ചെയ്താണ് ഷെഫീക് മടങ്ങുന്നത്. മസൂദ് മൈക്കൽ ബ്രേസ്‌വെല്ലിന്റെ പന്തിലും സ്റ്റംപിങ്ങിലൂടെ പുറത്തായി. ഇമാം ഉൾ ഹഖ് (8), ബാബർ അസം (0) എന്നിവരാണ് ക്രീസിൽ.

കെയ്ൻ വില്യംസൺ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂസിലൻഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണിന് ശേഷം ന്യൂസിലൻഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. സോധി, അജാസ്, ബ്രേസ്‌വെൽ എന്നിവരാണ് ന്യൂസിലൻഡ് ടീമിലെ സ്പിന്നർമാർ.

പാകിസ്ഥാൻ: അബ്ദുള്ള ഷെഫീഖ്, ഇമാം ഉൾ ഹഖ്, ഷാൻ മസൂദ്, ബാബർ അസം, സൗദ് ഷക്കീൽ, സർഫറാസ് അഹമ്മദ്, അഗ സൽമാൻ, നൗമാൻ അലി, മുഹമ്മദ് വസീം, അബ്രാർ അഹമ്മദ്, മിർ ഹംസ.

ന്യൂസിലൻഡ്: ടോം ലാഥം, ഡേവോൺ കോൺവെ, കെയ്ൻ വില്യംസൺ, ഹെന്റി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, മിച്ചൽ ബ്രേസ്‌വെൽ, ടിം സൗത്തി, ഇഷ് സോധി, നീൽ വാഗ്നർ, അജാസ് പട്ടേൽ.

പാകിസ്ഥാന് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ തോറ്റമ്പിയിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരവാണ് ബാബർ അസവും സംഘവും ലക്ഷ്യമിടുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇരുവരും കളിക്കും. ജനുവരി ഒമ്പതിനാണ് ഏകദിനം ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും കറാച്ചിയിലാണ്.

Top