Pakistan Likely To Acquire Chinese Nuclear Attack Submarines

ന്യൂഡല്‍ഹി: ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ടുകള്‍. ഈ അന്തര്‍വാഹിനിയില്‍ പാക്ക് നാവികസേനാ ഉദ്യോഗസ്ഥര്‍ പ്രവേശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയെന്നും ഉടന്‍തന്നെ ഇത് പാക്കിസ്ഥാന്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനു തെളിവായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ മേയിലാണ് അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. അന്തര്‍വാഹിനി കൈമാറുന്നതിനു മുന്നോടിയായുള്ള പരിശീലനവും കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനീസ് നേവിയുടെ ടൈപ്പ് 091 ഷാങ് ക്ലാസ് ഫാസ്റ്റ് ആക്രമണ അന്തര്‍വാഹിനിയാണ് ഇതെന്നാണ് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഇത് ഷാങ് ക്ലാസ് അന്തര്‍വാഹിനികളാണെന്നാണ് ഇന്ത്യന്‍ നേവി പറയുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സൗകര്യങ്ങളുമുള്ള ഇവയെ ആഴക്കടലില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ പടക്കപ്പലുകളെ വളരെ അടുത്ത് നിന്ന് നിരീക്ഷിക്കാനും സേനവിന്യാസങ്ങള്‍ മനസിലാക്കാനും ചൈനക്ക് വളരെ പെട്ടന്ന് സാധിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനീസ് അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നതായി നാവികസേന തിരിച്ചറിഞ്ഞിരുന്നു. ആണവ അന്തര്‍വാഹിനികള്‍ക്ക് കടലിനടിയില്‍ ദീര്‍ഘകാലം കഴിയാമെന്നതും വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും ഇന്ത്യയ്ക്ക് ഭീഷണിയാണ്. കഴിഞ്ഞ മാസം ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്ക് സമീപം അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

ഇതോടെ നാവിക സേന വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരം അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ നിര്‍മിത പി81 വിമാനം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ വിമാനത്തിന് ആണവ അന്തര്‍വാഹിനികളുടെ സ്ഥാനം കൃത്യമായി മനസിലാക്കി ആക്രമിക്കാന്‍ സാധിക്കും.

പാക്കിസ്ഥാന്‍ ചൈനീസ് നേവിയുടെ ഈ അന്തര്‍വാഹിനി വാങ്ങിയാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മേല്‍ക്കൈയുള്ള ഇന്ത്യയ്ക്ക് അതു വെല്ലുവിളിയാണ്. നിലവില്‍ ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് പാക്കിസ്ഥാനുള്ളത്. റഷ്യയില്‍നിന്ന് ഇന്ത്യ പാട്ടത്തിനെടുത്ത അകുല – 2 (ഐഎന്‍എസ് ചക്ര) അന്തര്‍വാഹിനിക്കു സമാനമാണ് ഷാങ് ക്ലാസ് അന്തര്‍വാഹിനി. പത്തു വര്‍ഷത്തിന് ഇന്ത്യ പാട്ടത്തിനെടുത്ത ഐഎന്‍എസ് ചക്ര നാലു വര്‍ഷത്തിനുള്ളില്‍ റഷ്യയ്ക്കു മടക്കിനല്‍കണം.

ഷാങ് ക്ലാസ് അന്തര്‍വാഹിനിക്ക് ഇന്ധന ആവശ്യത്തിനായി ഇടയ്ക്കു കരയിലേക്കു വരേണ്ടതില്ല. അതിനാല്‍ ദീര്‍ഘനാള്‍ കടലിനടിയില്‍ കഴിയാം. 2013 മുതലാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. തങ്ങളുടെ മേഖലയ്ക്കു പുറത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമമായാണ് ആ നടപടിയെ വിലയിരുത്തുന്നത്.

മേയ് 19നാണ് ഷാങ് ക്ലാസ് അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. ഏഴു ദിവസത്തോളം അന്തര്‍വാഹിനി തുറമുഖത്തുണ്ടായിരുന്നു. മേയ് 26ന് തിരിച്ചുപോയി. ഇത്രയും നാള്‍ പാക്ക് നാവിക ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍വാഹിനിയില്‍ പ്രവേശിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. ജൂണ്‍ 14ന് അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രം കടന്നുപോയി.

Top