ഹാഫിസ് സയിദിന്റെ മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍

hafise-seead

റാവല്‍പിണ്ടി: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫീസ് സയിദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഹാഫിസ് സയിദിന്റെ കീഴിലുള്ള മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്കെതിരെയുള്ള പാക്കിസ്ഥാന്റെ സമീപനം വിലയിരുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം ജനുവരിയില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പാക്ക് സര്‍ക്കാര്‍ മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രവിശ്യാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ ഭരണകൂടം നിയോഗിച്ച പ്രത്യേക സംഘം നാല് മദ്രസ്സകളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍, മദ്രസ്സകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമ്മാ അത്ത് ഉദ്ധവ വ്യക്തമാക്കി. ജെയുഡിയുമായി ബന്ധമുള്ള മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജമ്മാ അത്ത് ഉദ്ധവയ്‌ക്കെതിരെയും ഫലാഹ് ഇ ഇന്‍സാനിയാത്ത് ഫൗണ്ടേഷന് എതിരെയുമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സയിദിനെയും ജമാത്ത് ഉദ് ദവയെും തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

തീവ്രവാദവിരുദ്ധ നിയമത്തിലെ 11EE, 11 BB തുടങ്ങിയ വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഭേദഗതി നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് സയിദിന്റെ സംഘടന ഉള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന അൽക്വയ്ദ, താലിബാൻ, ലഷ്കർ -ഇ തോയിബ എന്നി ഭീകരസംഘടനകൾക്കെതിരെയാണ് പുതിയ ഓർഡിനൻസ് നിലവില്‍ വന്നിരിക്കുന്നത്.

Top