ഇന്ത്യൻ ആക്രമണം പാക്കിസ്ഥാന് ‘പൊള്ളി’ പാക്ക് യുദ്ധവിമാനം സിയാച്ചിനിൽ കറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത് മിന്നലാക്രമണം നടന്നിട്ടില്ലന്ന പാക്ക് വാദം പാക്ക് സേന തന്നെ പൊളിച്ചു.

രണ്ടാം മിന്നലാക്രമണത്തിനു തിരിച്ചടിക്ക്‌കോപ്പുകൂട്ടി തന്ത്രപ്രധാനമായ സിയാച്ചിന്‍ മേഖലയില്‍ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തി.

പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന്‍ യുദ്ധവിമാനം പറത്തിയിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചാല്‍ പാക്ക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടാനാണ് ഉത്തരവ്. ഇതോടെ മേഖല സംഘര്‍ഷഭരിതമായിരിക്കുകയാണ്.

സിയാച്ചിനില്‍ അഭ്യാസം നടത്തിയെന്ന് പാക്ക് മാധ്യമങ്ങളിലാണ് റിപ്പോര്‍ട്ടുവന്നത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി പാക്ക് മിറാഷ് ജെറ്റുകള്‍ സിയാച്ചിനു സമീപം പറന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

പാകിസ്ഥാനു നേരെയുള്ള ഏത് ആക്രമണത്തിനും ഭാവി തലമുറ ഓര്‍മിക്കുന്ന തിരിച്ചടി നല്‍കുമെന്ന് പാക് വ്യോമസേനാ മേധാവി സൊഹൈല്‍ അമന്‍ പറഞ്ഞു. സ്‌കര്‍ദുവിലെ ഖദ്രി എയര്‍ബേസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയുടെ പേരെടുത്ത് പറയാതെ അമന്റെ മുന്നറിയിപ്പ്.

നിര്‍ണായക പരിശീലനം വ്യോമസേനാ മേധാവി സൊഹൈല്‍ അമന്‍ പരിശോധിച്ചു. സ്‌കാര്‍ഡു എയര്‍ബേസും അദ്ദേഹം സന്ദര്‍ശിച്ചു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടെയാണ് വ്യോമസേനാ മേധാവി മേഖല സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്നും താഴ്ന്നും പറക്കാവുന്ന യുദ്ധവിമാനം സിയാച്ചിനില്‍ ഉപയോഗിച്ചതായി പാക്ക് വ്യോമസേനയും (പിഎഎഫ്) സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തക്കമറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നെന്ന തലത്തിലാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്‌കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതല്‍ ഇന്ത്യന്‍ പട്ടാളത്തിനാണ് മേല്‍ക്കൈ. 19,000 അടി ഉയരത്തിലാണ് സിയാച്ചിന്‍. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും.

സിയാച്ചിനിലെ ഇന്ത്യന്‍ പട്ടാളത്തെ ആത്മധൈര്യത്തിന്റെ പ്രതീകമായാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. മരണത്തിന്റെ മുഖത്ത് ചവിട്ടിയ ആ ധീരത ലോകത്തെ വന്‍ ശക്തികളുടെ സൈന്യത്തിനും അത്ഭുതമാണ്.

Top