പാലസ്തീന്‍ പ്രശ്‌നം തീര്‍ക്കാതെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പാലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇസ്രായേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.എ.ഇയോട് പാക്കിസ്ഥാന്‍. അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്. പാലസ്തീന്‍ വിഷയം നിലനില്‍ക്കുന്നതിനിടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധ്യമല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഒരു രഹസ്യ പ്രതിനിധിയെ ഇസ്രയേലിലേയ്ക്ക് അയച്ചു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്ഥാവന എത്തിയിരിക്കുന്നത്.

പാക് വിദേശകാര്യ മന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് രഹസ്യ പ്രതിനിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഇസ്രായേലിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനു മേല്‍ സൗദി അറേബ്യ, യു.എ.ഇ, തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വാര്‍ത്തയും പാക്കിസ്ഥാന്‍ നിഷേധിക്കുകയാണുണ്ടായത്.

അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ, മൊറോക്കോ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. സൗദിയും സമാനമായ നിലപാടെടുക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

അതേസമയം, പാകിസ്ഥാനും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ദിവസേന വഷളായിക്കാണ്ടിരിക്കുകയാണ്. സൗദി, പാകിസ്ഥാന് അനുവദിച്ച സോഫ്റ്റ് ലോണുകള്‍ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാകിസ്ഥാന് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിസ നിരോധിച്ചതും ഇമ്രാന്‍ ഖാന് വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.

Top