പണപ്പെരുപ്പം രൂക്ഷം, ഇന്ധനവിലയും കുത്തനെ കൂടി, പൊറുതിമുട്ടി പാക് ജനത

ഇസ്ലാമാബാദ് : പണപ്പെരുപ്പം രൂക്ഷമായ പാകിസ്ഥാനിൽ സാധാരണക്കാർക്ക് ഇരുട്ടടിയുമായി മറ്റൊരു തീരുമാനം. പാകിസ്ഥാൻ കാവൽ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വീണ്ടും വർധനവ് വരുത്തി. കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ അനുമതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി പെട്രോളിന് 26.02 രൂപയും ഡീസലിന് 17.34 രൂപയും വർധിപ്പിച്ചതായി ധനമന്ത്രാലയം അറിയിച്ചു.

വർധനവോടെ പാകിസ്ഥാനിൽ ഇന്ധന വില റെക്കോർഡ് വർധനവിലെത്തി. പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും 330 പാക്്ഗ രൂപയിലേറെയാണ് ലിറ്ററിന് വില. പാകിസ്ഥാനിൽ ഓ​ഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് 27.4 ശതമാനത്തിലധികം വർധിച്ചതിന് പിന്നാലെയാണ് ഇന്ധന വിലവർധനവും നടപ്പാക്കിയത്.

അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം വില ഉയർന്നതിനെ തുടർന്നാണ് വില വർധിപ്പിച്ചതെന്ന് സർക്കാർ പറയുന്നു. സെപ്റ്റംബർ ഒന്നിന് പെട്രോൾ, ഡീസൽ വിലയിൽ 14 രൂപയിലധികം വർധിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വലിയ വർധനവ്. ഓഇതോടെ ഒരു മാസത്തിനുള്ളിൽ പെട്രോളിന് 58.43 രൂപയും ഡീസലിന് 55.83 രൂപയും കൂടി. ഓഗസ്റ്റിൽ കാവൽ സർക്കാർ അധികാരമേറ്റ ശേഷം പെട്രോളിനും ഡീസലിനും 20 ശതമാനം വില വർധിച്ചു. പാകിസ്ഥാനിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെങ്കിലും അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) കരാർ പ്രകാരം സർക്കാർ പെട്രോളിന് 60 രൂപ പെട്രോളിയം ഡെവലപ്മെന്റ് ലെവിയും ഹൈസ്പീഡ് ഡീസലിന് 50 രൂപ ലെവിയും ഈടാക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് ഐഎംഎഫ് 1.2 ബില്യൺ ഡോളർ കൈമാറി. ഒമ്പത് മാസത്തേക്ക് 3 ബില്യൺ ഡോളറാണ് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുക. കഴിഞ്ഞ വർഷങ്ങളായി പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. കടുത്ത പണപ്പെരുപ്പം കാരണം സാധാരണ ജനജീവിതം ദുസ്സഹമാണ്.

Top