Pakistan – Indian companies -seeking permission

ന്യൂഡല്‍ഹി: ഇന്ത്യപാക്ക് ബന്ധം വഷളായിക്കൊണ്ടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ വിമാന കമ്പനികളുടെ അപേക്ഷ.

ദക്ഷിണേന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് അഹമ്മദാബാദില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത കൂടുതലായി ഉപയോഗിക്കുന്നത്.

സാമ്പത്തിക കാരണങ്ങളും ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷയ്ക്കു പിന്നിലുണ്ടെന്നാണ് വിവരം.

പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്.

എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളാണ് പാക്കിസ്ഥാനു മുകളിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.

അടുത്തിടെ പാക്കിസ്ഥാനില്‍നിന്നുള്ള ചില വിമാനങ്ങളോട് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍നിന്ന് തിരികെ പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് അവരും വിലക്കിയേക്കാമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ ഭയം.

അഹമ്മദാബാദില്‍നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി വ്യോമസേനയ്ക്കും നാവികസേനയ്ക്കും മാറ്റിവച്ചിരിക്കുന്ന വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും പ്രത്യേക പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കിയാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വിശദപരാമര്‍ശങ്ങളുണ്ട്.

അതേസമയം, വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം ഇനിയും തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ വിമാന കമ്പനികള്‍ പ്രവേശനം ആവശ്യപ്പെടുന്ന വ്യോമപാതകളില്‍ സുരക്ഷാപരമായി അതീവ പ്രാധാന്യമുള്ള മേഖലകളും ഉള്‍പ്പെടുന്നതിനാലാണിത്.

Top