Pakistan, India foreign secretaries to meet on January 15: Sartaj Aziz

ഇസ്‌ളാമാബാദ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ചയില്‍ മാറ്റമില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പാര്‍ലമെന്റില്‍ പറഞ്ഞതായി ദ നേഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 15നാണ് സെക്രട്ടറിതല ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

സമഗ്രമായ ഉഭയകക്ഷി ചര്‍ച്ച നടത്തുന്‌പോള്‍ കാശ്മീര്‍ അടക്കം എല്ലാ വിഷയങ്ങളും പരിഗണിക്കും. സമഗ്രമായ ചര്‍ച്ച നടത്തുന്നതിനുള്ള രൂപരേഖ വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ തയ്യാറാക്കും. ചര്‍ച്ചയ്ക്കുള്ള സമയവും അന്ന് തീരുമാനിക്കും സര്‍താജ് അസീസ് പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ കാശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

പത്താന്‍കോട്ട് ആക്രമണത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം മാത്രമെ ചര്‍ച്ചയ്ക്കുള്ളൂവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Top