ഈ ‘ആകാശക്കണ്ണ്’ ഇന്ത്യൻ ‘കുന്തമുന’ പാക്കിസ്ഥാൻ അനങ്ങിയാൽ ഉടൻ അറിയും

പാക്കിസ്ഥാന്റെ മാത്രമല്ല, ചൈനയുടെയും ഉറക്കം കെടുത്തി വീണ്ടും ഇന്ത്യ. ഇത്തവണ ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. കാര്‍ട്ടോസാറ്റ് 3, റിസാറ്റ് 2 ബി.ആര്‍ 1, ബി.ആര്‍ 2 എന്നീ ഉപഗ്രഹങ്ങളാണിത്.

25നാണ് കാര്‍ട്ടോസാറ്റിന്റെ വിക്ഷേപണം. ഡിസംബറില്‍ തന്നെ മറ്റ് രണ്ട് ഉപഗ്രഹങ്ങളും ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് വലിയ ഒരു മുന്നേറ്റമാണിത്. സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ ഏപ്രിലില്‍ എമിസാറ്റും മേയില്‍ റിസാറ്റ് 2 ബിയും ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ കരുത്തോടെ പുതിയ വിക്ഷേപണമിപ്പോള്‍ നടത്തുന്നത്. ശത്രുക്കളെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന നീക്കമാണിത്.

പി.എസ്.എല്‍.വി, സി – 47, 48,49 റോക്കറ്റുകളാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 ചെറിയ ഉപഗ്രഹങ്ങള്‍ കൂടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നുണ്ട്.

രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനമുള്ള കാര്യം കൂടിയാണിത്. ബഹിരാകാശ രംഗത്തെ നിലവിലെ അതികായകന്‍മാരാണ് അമേരിക്കയുടെ നാസ. ഈ ബഹിരാകാശ ഏജന്‍സി ഉള്ളപ്പോള്‍ തന്നെയാണ് ഐ.എസ്.ആര്‍.ഒയെ അമേരിക്ക ആശ്രയിച്ചിരിക്കുന്നത്. പാളിയ ചന്ദ്രയാന്‍ 2 പരീക്ഷണമൊന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ വിലയിടിച്ചിട്ടില്ല. പറ്റിയ പിഴവ് തിരുത്തി വീണ്ടും ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്താനും ഇതിനകം തന്നെ ഐ.എസ്.ആര്‍.ഒ തീരുമാനിച്ചിട്ടുണ്ട്.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ വിജയകരമായി വിക്ഷേപണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഒരു ഹോളിവുഡ് സിനിമയുടെ ബഡ്ജറ്റ് മാത്രമാണ് ചന്ദ്രയാന്‍ 2 വിന് പോലും ചിലവ് വന്നിരുന്നത്. നാസക്ക് പോലും ചിന്തിക്കാന്‍ പറ്റാത്ത ബഡ്ജറ്റാണിത്. അതുകൊണ്ട് തന്നെയാണ് ഓര്‍ഡറുമായി അമേരിക്ക പോലും ഇപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ ക്യു നില്‍ക്കുന്നത്.

3.25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു കാര്‍ട്ടോസാറ്റ് 3യില്‍ ഉള്ളത്. ശത്രുപാളയത്തിലെ മനുഷ്യര്‍ക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വിവരങ്ങള്‍ വരെ സേനയ്ക്കു ലഭിക്കും. 16 കിലോമീറ്റര്‍ വ്യാപ്തിയുള്ള മേഖല ഒറ്റദൃശ്യത്തില്‍ പകര്‍ത്താനുളള സ്‌പേഷ്യല്‍ റേഞ്ചും ഇതിനുണ്ട്. ഭീകരകേന്ദ്രങ്ങളിലെ ഒളിത്താവളങ്ങള്‍ക്കുള്ളിലെ ദൃശ്യം വരെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടിസ്‌പെക്ട്രല്‍, ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഉപകരണങ്ങളും കാര്‍ട്ടോസാറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കനത്ത മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹങ്ങളാണു റിസാറ്റ് ബി.ആര്‍1ലും 2 വിലും സജ്ജീകരിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനാണ് ഈ ഉപഗ്രഹം പ്രധാനമായും ഉപയോഗിക്കുക.

ഇതിന് പുറമെ ജിസാറ്റ്-1, ജിസാറ്റ്-2, റിസാറ്റ്-1എ, ജിസാറ്റ് 32 തുടങ്ങിയ സൈനികാവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹങ്ങള്‍ കൂടി ഐഎസ്ആര്‍ഒ അടുത്ത വര്‍ഷം വിക്ഷേപിക്കുന്നുണ്ട്.

അതേസമയം കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെയുള്ള പുതിയ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുന്നതിനെ ഗൗരവമായാണ് പാക്കിസ്ഥാന്‍ കാണുന്നത്. ഇന്ത്യ പറയുന്ന ദൂരപരിധിയും ടെകനോളജിയും മാത്രമല്ല ഇത്തരം ഉപഗ്രഹങ്ങള്‍ക്കുള്ളതെന്നാണ് അവരുടെ വിലയിരുത്തല്‍. പാക്കിസ്ഥാന്‍ മുമ്പ് തന്നെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിഴലിലായി കഴിഞ്ഞെന്നാണ് പാക്ക് ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നത്.

പാക്ക് ബഹിരാകാശ സംഘടന എന്നത് ഇന്ന് വെറും പടം മാത്രമാണ്. ഇന്ത്യയോട് മത്സരിക്കാന്‍ മാത്രമല്ല, അടുത്തെത്താന്‍ പോലുമുള്ള ശേഷി ആ രാജ്യത്തിനുമില്ല.

ചൈനയുടെ കരുണയില്‍ മാത്രമാണ് പാക്കിസ്ഥാനിപ്പോള്‍ നിന്നു പോകുന്നത്. എന്നാല്‍ ബഹിരാകാശ ടെക്‌നോളജി പാക്കിസ്ഥാന് കൈമാറാന്‍ ചൈന ഇതുവരെയും തയ്യാറായിട്ടില്ല. അസ്ഥിരമായ ഭരണകൂടം നില നില്‍ക്കുന്ന പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറിക്ക് മാത്രമല്ല, തീവ്രവാദ അട്ടിമറിക്കും സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ ചൈനയ്ക്കും വലിയ ആശങ്കകളുണ്ട്. സാമ്പത്തിക ഇടനാഴിയുടെ ഫണ്ടില്‍ വലിയ അഴിമതി നടന്നതും ചൈനയെ പ്രകോപിപ്പിച്ച മറ്റൊരു ഘടകമാണ്.

പാക്കിസ്ഥാനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുമെങ്കിലും അമിതമായി വിശ്വസിക്കില്ലന്നതാണ് ചൈനയുടെ പുതിയ നയം.
ഇന്ത്യയുമായി പാക്കിസ്ഥാന്‍ നിരന്തരം സംഘര്‍ഷം ഉണ്ടാക്കുന്നതിലും ചൈനക്കിപ്പോള്‍ ആശങ്കയുണ്ട്. തങ്ങളുടെ സഹായം പ്രതീക്ഷിച്ച് ഒരു പ്രകോപനവും വേണ്ടെന്ന സന്ദേശമാണ് ചൈനയിപ്പോള്‍ പാകിസ്ഥാന് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ പ്രധാന വിപണിയായ ഇന്ത്യയെ പിണക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈന ഒട്ടും തയ്യാറല്ല. അമേരിക്കയുമായി വാണിജ്യ യുദ്ധം ശക്തമായ സാഹചര്യത്തിലാണ് തന്ത്രപരമായ ഈ തീരുമാനം.

റഷ്യയുടെ ശക്തമായ നിലപാടും ചൈനയുടെ പിറകോട്ട് പോക്കിന് ഒരു പ്രധാന ഘടകമാണ്. റഷ്യ – ചൈന – ഇന്ത്യ സഖ്യം സാധ്യമാകണമെന്ന ആഗ്രഹമാണ് റഷ്യക്കുള്ളത്.

എന്തൊക്കെ തര്‍ക്കമുണ്ടായാലും ഇതുവരെ ചൈനീസ് അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട പോലും ഇന്ത്യക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മഹാബലിപുരത്ത് നടന്ന മോദി – ഷീ ജിന്‍ പിങ് കൂടികാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാനും കാരണമായിരുന്നു. മഹാബലിപുരം ‘ഉച്ചക്കോടി’യെ റഷ്യയും അതീവ പ്രാധാന്യത്തോടെയാണ് ഉറ്റു നോക്കിയിരുന്നത്.

മുമ്പ് ഇന്ത്യ – ചൈന യുദ്ധകാലത്ത് അതിക്രമിച്ച് കയറിയ ചൈനീസ് സേനക്ക് തിരിച്ച് പോകേണ്ടി വന്നിരുന്നത് സോവിയറ്റ് യൂണിയന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ ഇന്ത്യയുടെ എക്കാലത്തെയും ഉറച്ച പങ്കാളിയാണ് റഷ്യ. ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇന്ത്യ – പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ നേവിയെ മടക്കി അയച്ചതും സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളായിരുന്നു.

ഏത് പുതുതലമുറ യുദ്ധ വിമാനത്തെയും മിസൈലിനെയും തകര്‍ക്കുന്ന എസ് 400 ട്രയംഫും ഇപ്പോള്‍ റഷ്യ ഇന്ത്യക്ക് കൈമാറാന്‍ പോകുകയാണ്.42,000 കോടിയുടെ ഈ ഇടപാട് അമേരിക്കയുടെ എതിര്‍പ്പ് മറികടന്നാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

ഇതിനു പുറമെ ലോകത്തിലെ നമ്പര്‍ വണ്‍ യുദ്ധവിമാനമായ റഫേലും അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇന്ത്യയിലെത്തി കഴിഞ്ഞിട്ടുണ്ട്. സൈനിക ശക്തിയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇതോടെ ഇന്ത്യയിപ്പോള്‍ കുതിച്ചുകൊണ്ടിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ഒരു പ്രകോപനം പാക്കിസ്ഥാന്‍ ഇനി നടത്തിയാല്‍ പാക്ക് അധീന കശ്മീര്‍ പോലും ഇന്ത്യയുടെ പക്കലിരിക്കും, അതാണ് നിലവിലെ അവസ്ഥ. രാജ്യത്തിന്റെ സൈനിക നിലപാട് ഇക്കാര്യത്തില്‍ വ്യക്തവുമാണ്.

Staff Reporter

Top