പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്താന്‍

ഇസ്ലാംബാദ്: പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 24 രൂപ വർധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വർധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോർഡ് ഉയരത്തിലേക്കാണ് ഈ വർധനവ്. പെട്രോളിയം ഉൽപന്നങ്ങളുടെ സബ്‌സിഡി വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറൽ ധനമന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വർധനയാണിത്.

രാജ്യത്ത് പെട്രോൾ വില 24.03 രൂപ വർധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോർഡ് നിരക്കിലേക്കാണ് പുതിയ വിലയെത്തിയത്. ജൂൺ 16 മുതൽ പെട്രോൾ ലിറ്ററിന് 233.89 രൂപയും ഡീസൽ 263.31 രൂപയും മണ്ണെണ്ണ 211.43 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 207.47 രൂപയുമായിരിക്കും നിരക്ക്.

പെട്രോൾ വില വർധിപ്പിച്ച സാഹചര്യത്തിൽ പാകിസ്താനിലെ മുൻ സർക്കാരിനെ വിമർശിച്ച ധനകാര്യ മന്ത്രി മിഫ്താ ഇസ്മായിൽ മുൻസർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വഷളാക്കിയെന്ന് കുറ്റപ്പെടുത്തി. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സബ്‌സിഡി നൽകി പെട്രോൾ വില ബോധപൂർവം കുറച്ചെന്നും അതിന്റെ ബാധ്യത ഈ സർക്കാർ വഹിക്കേണ്ടി വരുന്നെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.

Top