എച്ച്‌ഐവി; അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: എച്ച്ഐവി പരിശോധനയിൽ പോസിറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഒരു മാസത്തിനിടെ ഇവിടെ എച്ച്ഐവി പരിശോധന നടത്തിയ ആയിരത്തിലേറെ പേർക്കാണ് പോസിറ്റീവ് ഫലം കണ്ടത്.

നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. കയ‍ര്‍ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന് വെളിയിലെ മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീ‍ർക്കാനും ശ്രമിച്ചു.

Top