Sharif Vows to Aid Those Injured in Kashmir Violence

ഇസ്‌ലാമാബാദ്: കശ്മീര്‍ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നാവാസ് ഷെരീഫ്.

കശ്മീരില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം നല്‍കാനുള്ള അനുമതി ഇന്ത്യന്‍ ഭരണകൂടം പാകിസ്താന് നല്‍കണമെന്നും ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം തങ്ങളെ പിന്തുണയ്ക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.

കശ്മീര്‍ കാലപത്തില്‍ പരിക്കേറ്റവര്‍ക്കും, പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിര വൈദ്യ സഹായം എത്തിക്കാന്‍ പാകിസ്താന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായി പാക്ക് വിദേശ കാര്യാലയം ഇറക്കിയ പ്രസ്താവനയിലാണ് പറയുന്നത്.

പരിക്കേറ്റവര്‍ക്ക് ലോകത്തിലെ മികച്ച ചികിത്സ സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഇവര്‍ക്ക് പാകിസ്താന്‍ എന്നും തുണയായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈ കൊള്ളുന്ന രക്തച്ചൊരിച്ചില്‍ നിര്‍ത്താനും പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കാന്‍ പാകിസ്താനെ അനുവദിക്കാനും അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന് പ്രസ്താവനയില്‍ പറയുന്നു.

കശ്മീരില്‍ തുടരുന്ന ‘മനുഷ്യത്വമില്ലായ്മ’ യാണ് പാകിസ്താനെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. കശ്മീരിലെ വൈദ്യ മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിസ്സഹായരായ കശ്മീര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രികളും മറ്റ് വൈദ്യ സഹായ കേന്ദ്രങ്ങളും ഇന്ത്യന്‍ സേന ലക്ഷ്യം വയ്ക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കശ്മീര്‍ ജനതയെ പാകിസ്താന്‍ നയപരമായും രാഷ്ട്രീയപരമായും സമീപിക്കുമെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. നേരത്തെ കശ്മീര്‍ വിഷയത്തില്‍ പാക് വിദേശ കാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് മെഡിസിന്‌സ് സാന്‌സ് ഫ്രണ്ടിയേഴ്‌സ്( Doctors without Borders) ന് കത്ത് അയച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ കശ്മീര്‍ ചര്‍ച്ചാ വിഷയമാക്കാനുള്ള നവാസ് ഷെരീഫിന്റെ പുതിയ നീക്കമാണ് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Top