അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി പാക്കിസ്ഥാന്‍.

പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി സെനറ്റിനെ അറിയിച്ചതെന്ന് പാക്കിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് പാക്കിസ്ഥാന്‍ കാണുന്നതെന്നും ആസിഫ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് പാക്കിസ്ഥാനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.

പ്രശ്‌നക്കാര്‍ക്കും അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും ആളുകള്‍ക്കും പാക്കിസ്ഥാന്‍ സുരക്ഷിതമായ ഇടം നല്‍കുന്നു എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോഴായിരുന്നു ട്രംപ് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.

യു എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ സന്ദര്‍ശനം മാറ്റിവച്ചതായി പാക്കിസ്ഥാന്‍ ഞായറാഴ്ച അറിയിച്ചിരുന്നു.

ട്രംപിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നും പാക്കിസ്ഥാന്‍ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ഭീകരവാദികള്‍ക്ക് താവളമൊരുക്കുകയാണ് പാകിസ്ഥാന്റെ നയമെന്നും പാകിസ്ഥാനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

Top