ഹാഫിസ് സയീദ് അമേരിക്ക നല്‍കിയ ഭീകരവാദികളുടെ പട്ടികയിലില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിനെ അമേരിക്ക ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍.

ഹാഫിസ് സയീദിന്റെ പേര് അമേരിക്ക കൈമാറിയ 75 ഭീകരവാദികളുടെ പട്ടികയില്‍ ഇല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ അസീഫ് പാക് പാര്‍ലമെന്റില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്‍സണാണ് ഭീകരവാദികളുടെ പട്ടിക കൈമാറിയത്.

എന്നാല്‍ ഈ പട്ടികയില്‍ പാക്കിസ്ഥാനികള്‍ ആരുമില്ലെന്നും ഖ്വാജ അസീഫ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.

Top