കശ്മീരില്‍ പാകിസ്ഥാന്റെ ‘പ്രസംഗത്തിന്’ വിലയില്ല; വാദം പൊളിച്ച് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

മ്മു കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനങ്ങളില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വത്തിന് വലിയ വിഷയങ്ങള്‍ ഒന്നുമില്ലെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പിന്തുണയ്ക്കുന്ന ദീര്‍ഘമായ ചരിത്രം മൂലം ഇസ്ലാമാബാദിന് വളരെ കുറച്ച് വിശ്വാസ്യതയാണ് ഉള്ളതെന്ന് കോണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

ആറ് മാസത്തിനിടെ സിആര്‍എസ് കശ്മീരില്‍ നല്‍കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്. സൈനിക നടപടിയിലൂടെ സ്ഥിതിഗതികള്‍ മാറ്റാനുള്ള പാകിസ്ഥാന്റെ ശേഷിയും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. അതായത് ഇസ്ലാമാബാദിന് നയതന്ത്രപരമായ വഴിമാത്രമാണ് ആശ്രയിക്കാനുള്ളത്.

യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷക വിഭാഗമാണ് സിആര്‍എസ്. യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്കായി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കോണ്‍ഗ്രസില്‍ വിവരങ്ങള്‍ക്ക് അനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ചെയ്യുന്നത്. ആഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ചപ്പോള്‍ പ്രതിഷേധിച്ച പാകിസ്ഥാനെ തുറന്നുപിന്തുണയ്ക്കാന്‍ തുര്‍ക്കി മാത്രമാണ് തയ്യാറായതെന്ന് സിആര്‍എസ് റിപ്പോര്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കെതിരെ ആഗോളതലത്തില്‍ വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇത് ആഭ്യന്തര കാര്യമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. ചൈനയുടെ സഹായത്തോടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചെങ്കിലും കശ്മീര്‍ വിഷയത്തില്‍ ഒരു ഔദ്യോഗിക പ്രതികരണത്തിനും കൗണ്‍സില്‍ തയ്യാറായില്ല.

Top