pakistan has huge collection of newclaer wepons; america

വാഷിങ്ടണ്‍: പാകിസ്താന്റെ പക്കല്‍ 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്ന് അമേരിക്ക.

ആണവായുധങ്ങളുടെ ശേഖരം പാകിസ്താന്‍ വര്‍ധിപ്പിക്കുകയാണെന്നും ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര്‍വിമാനങ്ങളെ പാകിസ്താന്‍ പരിഷ്‌കരിക്കുകയാണെന്നും അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആമേരിക്കന്‍ ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത 10 വര്‍ഷം കൊണ്ട് 350 ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് പാകിസ്താന്റെ ശ്രമം.

ഉപഗ്രഹചിത്രങ്ങളില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചാണ് യു.എസ്. ഗവേഷണസംഘം ആണവായുധങ്ങള്‍ പാകിസ്താന്‍ രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ മനസ്സിലാക്കിയത്.

അക്രോ(സിന്ധ്), ഗുര്‍ജന്‍വാല(പഞ്ചാബ്), ഖുസ്ദാര്‍( ബലൂചിസ്താന്‍), പാനോ അഖ്വില്‍(സിന്ധ്), സര്‍ഗോധ എന്നിവടങ്ങളിലാണ് പാകിസ്താന്റെ പ്രധാന ആണവവിന്യാസകേന്ദ്രങ്ങള്‍.

പാകിസ്താന്‍ 2020 ഓടെ 60 മുതല്‍ 80 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാക്കിയെടുത്തേക്കാമെന്നാണ് 1999 ല്‍ അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി കണക്കുകൂട്ടിയിരുന്നത്.

ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ ഏഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മ്മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസതാന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

2025 ല്‍ 250 ആണവ പോര്‍മുനകള്‍ വരെ പാകിസ്താന്റെ പക്കലുണ്ടായേക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയിന്റിസ്റ്റ് (എഫ്.എ.എസ്.) ആണ് പഠനം നടത്തിയത്.

Top