അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥികള്‍ നവംബറിനുള്ളില്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

ഇസ്ലാമാബാദ്: അനധികൃതമായി പാക്കിസ്ഥാനിലെത്തിയ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥികള്‍ നവംബറിനുള്ളില്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. രാജ്യാതിര്‍ത്തിയില്‍ ഭീകരാക്രമണം വര്‍ധിച്ചതോടെയാണ് അഭയാര്‍ഥികളോടു രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. 1.7 മില്യന്‍ അഫ്ഗാനിസ്ഥാനികള്‍ അനധികൃതമായി പാക്കിസ്ഥാനിലുണ്ടെന്നാണു കണക്ക്. അഫ്ഗാനിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്നവരാണു പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്നതെന്നാണു പാക്കിസ്ഥാന്റെ ആരോപണം.

2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതുമുതല്‍ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് പാക്കിസ്ഥാനിലെത്തുന്നത്. 1.3 മില്യന്‍ അഭയാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 8,80,000 പേര്‍ക്കു നിയമപരമായി തങ്ങുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

1.7 മില്യന്‍ പേര്‍ അനധികൃതമായാണു രാജ്യത്ത് താമസിക്കുന്നതെന്നു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫാസ് ബഗ്ടി പറഞ്ഞു. നിയമവിരുദ്ധമായി താമസിക്കുന്നവര്‍ സ്വമേധയാ രാജ്യം വിടണം. അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കും. സ്വയം പോകാന്‍ തയാറായില്ലെങ്കില്‍ സര്‍ക്കാരിനു വിവിധ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരും. അഫ്ഗാനികള്‍ നിയമവിരുദ്ധമായി നടത്തുന്ന വ്യാപാരങ്ങളും സ്വന്തമാക്കിയ സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത അഭയാര്‍ഥികളെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ 1,000 അഫ്ഗാനികളെ തടവിലാക്കി. അതിര്‍ത്തി പ്രദേശമായ ബലൂചിസ്ഥാനില്‍ സായുധ സംഘങ്ങള്‍ നിരന്തരം ഏറ്റുമുട്ടുകയാണ്. തെഹ്രീകെ താലിബാന്‍ (ടിടിപി), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്നീ ഭീകര സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയിലെ മസ്തുങ് നഗരത്തിലെ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top