കശ്മീര്‍: ഇന്ത്യയ്‌ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയവുമായി പാക്കിസ്ഥാന്‍

ജനീവ: കശ്മീര്‍ വിഷയം ആഗോളതലത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാക്കാനായി പാക്കിസ്ഥാന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പാക്കിസ്ഥാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരും.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 27 വരെ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. സമ്മേളനത്തില്‍ കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ അംഗരാജ്യങ്ങളെ ധരിപ്പിക്കുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നുണ്ട്.

നേരത്തെ കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാന്‍ കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക അംഗരാജ്യങ്ങളുടേയും നിലപാട്.

Top