കശ്മീര്‍ വിഷയം: യു.എന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാനെ പിന്തുണച്ചത് ചൈന മാത്രം

യുനൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍. ഐക്യരാഷ്ട്ര സഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ചൈന മാത്രമാണ് പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്.

കശ്മീരിലെ ഇന്ത്യയുടെ നീക്കം അപകടകരമെന്ന് ചൈന രക്ഷാസമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. വളരെ മോശമായ സാഹചര്യമാണ് കശ്മീരില്‍ ഉള്ളതെന്നും ചൈന യോഗത്തില്‍ വ്യക്തമാക്കി.സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ഏക രാജ്യമായ ചൈനയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സമിതി വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്.

അതേസമയം ഫ്രാന്‍സും റഷ്യയും ബ്രിട്ടണും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. കശ്മീര്‍ ഉഭയകക്ഷി വിഷയം ആണെന്നും പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് റഷ്യ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീര്‍ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പരാതി നല്‍കിയതിനാലാണ് പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി തയ്യാറായത്. 5 സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേര്‍ന്നത്. കശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാക്കിസ്ഥാന്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി.

Top