‘വാളെടുത്തവർ വാളാലേ’ ? ചൈന ചതിക്കുമെന്ന് പാക്കിസ്ഥാന് ഭയം

ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍. ചൈന, ഇറാനുമായുണ്ടാക്കിയ സഹകരണമാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയിരിക്കുന്നത്. പാക്കിസ്ഥാനെ സംബന്ധിച്ച് ഇറാന്‍ ശത്രുവാണ്. ഇന്ത്യയെ പോലെ തന്നെ പാക്ക് ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതാണ് ഇറാന്റെയും രീതി. അതിര്‍ത്തി കടന്ന് നിരവധി തവണ ഇറാന്‍ ആ കടുംകൈ ചെയ്തിട്ടുമുണ്ട്.

പാക്കിസ്ഥാനേക്കാള്‍ ഇറാനെ ശത്രുവായി പ്രഖ്യാപിച്ച മറ്റൊരുരാജ്യം സൗദി അറേബ്യയാണ്. അമേരിക്കയെ മുന്‍ നിര്‍ത്തി ഇറാന്റെ സൈനിക കമാന്‍ണ്ടര്‍ ജനറലിനെ വധിച്ചതിന് പിന്നില്‍ പോലും സൗദിയുടെ കറുത്ത കരങ്ങളാണുള്ളത്. അങ്ങനെ വിശ്വസിക്കാനാണ് ഇറാനും ആഗ്രഹിക്കുന്നത്. സൗദിയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് സൗദിയുടെ ആരോപണം. ഇറാന്‍ – സൗദി പക പൊട്ടിത്തെറിച്ചതാണ് ഇറാന് എതിരായ ഉപരോധത്തിനും വഴിവച്ചിരുന്നത്. അമേരിക്ക ഇക്കാര്യത്തിലും സൗദി അറേബ്യയുടെ താല്‍പ്പര്യങ്ങളാണ് നടപ്പാക്കിയിരുന്നത്.

ഇറാനുമായി പാക്കിസ്ഥാന്റെ അടുപ്പക്കാരായ ചൈനയുണ്ടാക്കിയ ധാരണ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണിപ്പോള്‍ സൗദി ഭരണകൂടം. അവര്‍ ഇക്കാര്യം പാക്കിസ്ഥാനെ ഇതിനകം തന്നെ അറിയിച്ചിട്ടുമുണ്ട്. ലോകത്ത് തന്നെ പാക്കിസ്ഥാനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന രാജ്യമാണ് സൗദി. ഈ അറബ് രാജ്യം പാക്കിസ്ഥാനെതിരായാല്‍ അറബ് ലോകത്ത് നിന്നു തന്നെ പാക്കിസ്ഥാന്‍ തഴയപ്പെടും. ഇപ്പോള്‍ തന്നെ പാക്കിസ്ഥാനിലുള്ള ചൈനക്കാര്‍ തങ്ങളെ അടിമകളായാണ് കാണുന്നതെന്ന വികാരമാണ് പാക്ക് ജനതയ്ക്കുള്ളത്. പാക്കിസ്ഥാനിലൂടെ ചൈനയുണ്ടാക്കിയ സാമ്പത്തിക ഇടനാഴിയും പാക്കിസ്ഥാനെ സംബന്ധിച്ചിപ്പോള്‍ വലിയ ബാധ്യതയായിരിക്കുകയാണ്.

ഇന്ത്യക്കെതിരായ സൈനിക വിന്യാസം കൂടി മുന്നില്‍ കണ്ടാണ് പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴി ഇരു രാജ്യങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാത പാക്കിസ്ഥാന്‍ പിടിച്ചെടുക്കാന്‍ ചൈന ഭാവിയില്‍ ഉപയോഗിച്ചേക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈന ഏറെ ആഗ്രഹിക്കുന്ന സൗഹൃദം ഇറാനുമായാണ്. ഇതുവരെ അവര്‍ക്ക് അതിനു തടസ്സമായിരുന്നത് ഇന്ത്യയോടുള്ള ഇറാന്റെ അടുപ്പമായിരുന്നു.

നിലവിലെ അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പം ഇതിന് ഉലച്ചില്‍ തട്ടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ എണ്ണ ഇറാനില്‍ നിന്നും കൊണ്ടു പോകുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇക്കാര്യത്തില്‍ പിറകോട്ട് പോയത് ഇറാനെ ശരിക്കും അമ്പരപ്പിച്ചിരുന്നു. എങ്കിലും അവര്‍ ഒരിക്കലും ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും, ശക്തമായി അമേരിക്കയുമായി ചേരുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതാണ്, ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇറാന്‍ – ഇന്ത്യ സംയുക്ത സംരഭമായ ഛബഹര്‍ തുറമുഖ കരാറില്‍ നിന്നും ഇന്ത്യയെ ഇറാന്‍ ഒഴിവാക്കുന്നതും ഇതിന്റെ ഭാഗമാണ്. വിശ്വസ്ത പങ്കാളിയായി ഇറാന്‍ ഇപ്പോള്‍ കാണുന്നത് ചൈനയെ മാത്രമാണ്. 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട ഈ പദ്ധതി, പാക്ക് – ചൈന സാമ്പത്തിക ഇടനാഴിക്ക് ബദലായാണ് ഇന്ത്യ കണ്ടിരുന്നത്. ഫലത്തില്‍ ഈ രണ്ട് പാതകളും ചൈനക്ക് അനുകൂലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 മില്യണ്‍ ഡോളറാണ് ഉപയോഗിക്കുന്നത്. ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ദി ഹിന്ദുവാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകരമായി ചൈനയ്ക്കു ലഭിക്കുക ഇറാനില്‍നിന്നുള്ള എണ്ണയാണ്. അടുത്ത 25 വര്‍ഷത്തേക്ക് ചൈനയ്ക്ക് എണ്ണയുടെ കാര്യത്തില്‍ ആരെയും ഭയപ്പെടേണ്ടി വരില്ല. മാത്രമല്ല, മേഖലയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ ചൈനയ്ക്ക് ആവശ്യമായ സൈനിക സഹകരണം ഉള്‍പ്പെടെയുള്ള ധാരണകളാണ് 18 പേജുള്ള കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്റെ എണ്ണവില്‍പ്പനയില്‍ വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. ഇതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും താളംതെറ്റിച്ചിരിക്കുകയാണ്. ഈ അവസ്ഥയിലാണ് രക്ഷകരായി ചൈന ഇറാനു മുന്നില്‍ അവതരിച്ചിരിക്കുന്നത്. ഇറാനുമായുള്ള ചൈനയുടെ പുതിയ ബന്ധത്തെ പാക്ക് സൈനിക നേത്യത്വവും ആശങ്കയോടെയാണ് കാണുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തിന്റെ മേധാവി തന്നെ, മുന്‍ പാക്ക് സൈനിക തലവനാണ്.

ചൈനയെ, ഇറാന്‍ സഹകരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്നത് ഇവരുടെയെല്ലാം ചങ്കിടിപ്പിക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനുമായുള്ള സഹകരണം അവസാനിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് സൗദിയും നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനെ സംബന്ധിച്ച് അപ്രതീക്ഷിതമായ പ്രതിസന്ധിയാണിത്.സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന പാക്കിസ്ഥാന് ചിന്തിക്കാന്‍ പോലും പറ്റാത്ത വെല്ലുവിളിയാണിത്.

അതേ സമയം, ചൈനയുടെ നീക്കത്തെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കെതിരായ ഒരു നീക്കത്തിനും, ഇറാന്‍ ചൈനയെ പിന്തുണയ്ക്കില്ലെന്ന് തന്നെയാണ് രാജ്യത്തിന്റെ വിലയിരുത്തല്‍. റഷ്യയുടെ ശക്തമായ പിന്തുണയാണ് ഇക്കാര്യത്തില്‍, ഇന്ത്യയുടെ പ്രധാന കരുത്ത്. പരസ്പരം കടുത്ത ശത്രുക്കളാണെങ്കിലും റഷ്യയും അമേരിക്കയും ഇന്ത്യയുടെ കാര്യത്തില്‍ ഒരേ നിലപാടുകാരാണ്. ഇത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഈ രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ഇസ്രയേല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും വലിയ പിന്തുണയാണ് ഇന്ത്യക്ക് നല്‍കി വരുന്നത്.

ഇന്ത്യന്‍ ആകാശത്ത് സംരക്ഷണമൊരുക്കുന്ന ഫ്രാന്‍സിന്റെ റഫേല്‍, പാക്കിസ്ഥാന് മാത്രമല്ല ചൈനക്കും വലിയ ഭീഷണിയാണ്. ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ പാക്കിസ്ഥാന്റെയും ചൈനയുടെയും തലസ്ഥാനങ്ങള്‍ ചാരമാക്കാന്‍ റഫേലിന് കഴിയും. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമാണിത്. ആണവ പോര്‍മുനഘടിപ്പിക്കാന്‍ പറ്റുമെന്നതും റഫേലിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ വിമാനത്തിന്റെ ആക്രമണത്തെ ചെറുക്കുക എന്നത് മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പോലും സാഹസികമാണ്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ ശക്തമായ സൈനിക വിന്യാസമാണ് ഇന്ത്യയിപ്പോള്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ച് കഴിഞ്ഞിട്ടുണ്ട്. അതിര്‍ത്തിയില്‍ വീണ്ടും ഉണ്ടായ പ്രശ്നങ്ങള്‍ വിലയിരുത്തിയ ശേഷമാണ് യുദ്ധക്കപ്പലുകളുടെ വിന്യാസവും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് ശതമാനത്തോളം യുദ്ധക്കപ്പലുകള്‍ അധികമായി വിന്യസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

ബംഗാള്‍ ഉള്‍ക്കടല്‍, ആന്റമാന്‍ കടല്‍, മലാക്ക കടലിടുക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മദ്ധ്യപ്രദേശം, പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും നാവികസേനസയുടെ കപ്പലുകള്‍ പെട്രോളിങ് നടത്തി വരുന്നുണ്ട്. കൂടാതെ, സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ കടന്നുപോകുന്ന ഇന്ത്യയുടെ വ്യാപാര കപ്പലുകളുടെ സംരക്ഷണത്തിനായും യുദ്ധക്കപ്പലുകള്‍ അകമ്പടി പോകുന്നുണ്ട്. നിലവിലുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം ചൈനയ്ക്കെതിരെ നാവികസേനയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. നിലവിലെ സംഘര്‍ഷാന്തരീക്ഷം യുദ്ധത്തിലെത്തില്ലന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Top