ഇന്ധനമില്ലാത്ത അവസ്ഥയിലേക്കെത്തും; പാകിസ്ഥാന് മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ

ഇസ്ലാമാബാദ് : പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കെത്തിക്കുകയാണ്. ഇതിനിടെയാണ് ഇന്ധന പ്രതിസന്ധിയുമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ ഊർജ്ജ മേഖലയിൽ സംഭവിക്കുന്നത് വൻ തിരിച്ചടിയാണ്. ഡീസൽ,കൽക്കരി നിലയങ്ങളിൽ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്‍റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താൻ. സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്‍റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Top