പാക്കിസ്ഥാനികള്‍ നേരിടുന്നത് കടുത്ത വിവേചനം, രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനാവില്ല; സബ ഖമര്‍

saba qamar

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാക്കിസ്ഥാനികള്‍ കടുത്തവിവേചനം നേരിടുന്നുവെന്ന് പാക്ക് നടി സബ ഖമര്‍. പാക്കിസ്ഥാനി പാസ്‌പോര്‍ട്ടുള്ളവര്‍ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന അപമാനത്തെക്കുറിച്ച് കണ്ണീരോടെയാണ് നടി സംസാരിച്ചത്. ട്വിറ്ററിലാണ് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സബ വിവരിച്ചത്.

49 മിനിറ്റ് നീണ്ടുനില്‍ക്കുന്ന നടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘പാക്കിസ്ഥാന്‍ വലിയസംഭവമാണെന്ന് പറഞ്ഞ് നാം അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ രാജ്യത്തിന് പുറത്തുപോകുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് എനിക്ക് പറയാന്‍ പോലും കഴിയുന്നില്ല. ജോര്‍ജിയയുടെ തലസ്ഥാനമായ തിബ്‌സിലിയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ വളരെ മോശം അനുഭവമാണുണ്ടായത്. എന്നോടൊപ്പമുള്ള ഇര്‍ഫാന്‍ ഖാനടക്കമുള്ള ഇന്ത്യന്‍ ക്രൂ മുഴുവന്‍ ചെക്ക് ഔട്ട് ചെയ്തിട്ടും എന്നെ മാത്രം വിട്ടില്ല. പാക്കിസ്ഥാനി പാസ്‌പോര്‍ട്ടാണ് എനിക്കുണ്ടായിരുന്നത് എന്നായിരുന്നു കാരണം. എന്നെ കുറേ നേരം ചോദ്യം ചെയ്തു. പിന്നീട് അഭിമുഖവും നടത്തിയ ശേഷമേ പോകാന്‍ അനുവദിച്ചുള്ളൂ.’

നാം എവിടെയാണെന്നും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം എവിടെയാണെന്നും അന്നാണ് എനിക്ക് മനസ്സിലായത് എന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന സിനിമയിലെ നായികയാണ് സബ. ഇര്‍ഫാന്‍ ഖാന്‍ നായകനായ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

Top