ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ മരുന്നിന്റെ ഇറക്കുമതി നിര്‍ത്തി; പാക്കിസ്ഥാന്‍ പ്രതിസന്ധിയില്‍

കറാച്ചി: മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്.

പ്രതിരോധ മരുന്നിന്റെ വരവ് നിലച്ചതോടെ സിന്ധ് പ്രവിശ്യയിലടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നായ്ക്കളുടെ ആക്രമണം കൂടുതുലുള്ള പ്രദേശങ്ങളിലൊന്നും മരുന്ന് കിട്ടാത്ത അവസ്ഥയിലാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനുകളുടെ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിന് 1,000 രൂപ (6 ഡോളര്‍) വിലവരും. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളര്‍) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടര്‍ നസീം സലാഹുദ്ദീന്‍ പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ വാക്‌സിനുകള്‍ ലഭ്യമാകൂ.

സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ റാബിസ് വിരുദ്ധ വാക്‌സിന്റെ കുറവുണ്ട്. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും പാകിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ ഉഭയകക്ഷി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് ആന്റി റാബിസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് പാകിസ്ഥാന്‍ നിര്‍ത്തിയതെന്നാണ് സൂചന.

Top