പാകിസ്താന്‍ തിരഞ്ഞെടുപ്പ്; വിജയത്തിന്റെ അവകാശവാദം മുഴക്കി നവാസ് ഷരീഫും ഇമ്രാന്‍ ഖാനും

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാ‍ർട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ് രീഖ് ഇ ഇൻസാഫ്) 99 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇമ്രാന്‍ ഖാന്റെ പിടിഐയെ അധികാരത്തില്‍ നിന്നകറ്റാന്‍ പിപിപി (പാക്കിസ്ഥാൻ പീപ്പിൾസ് പാ‍ർട്ടി) – പിഎംഎല്‍എൻ (പാകിസ്ഥാൻ മുസ്ലിം ലീ​ഗ്) നീക്കം നടക്കുന്നുണ്ട്. നവാസ് ഷെരീഫും അസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തി.

വോട്ടെണ്ണൽ വൈകുന്നതിൽ അട്ടിമറി ആരോപിച്ച് പിടിഐ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്ന സീറ്റുകളിലെ ഫലം പുറത്തുവന്നാലും ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. അതിനാൽ തന്നെ ഇനി പിടിഐ-പിപിപി സഖ്യമാണോ? പിഎംഎൽഎൻ-പിപിപി സഖ്യമാണോ പാകിസ്ഥാൻ ഭരിക്കുക എന്നതാണ് ഉറ്റുനോക്കുന്നത്. പാകിസ്ഥാൻ രാഷ്ട്രീയത്തിൽ ബിലാവൽ ഭൂട്ടോയുടെ തീരുമാനം ഇനി നിർണ്ണായകമാകും.99 സീറ്റുകളിൽ വിജയിക്കാനായതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഇമ്രാൻ ഖാനും രംഗത്തെത്തി. പാകിസ്ഥാൻ ചരിത്രം കുറിച്ചെന്നും രാജ്യത്തെ ഒരുമിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിലവിൽ ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. തുടരെ തുടരെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിറ്റുവെന്ന കേസിൽ നിലവിൽ 14 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.

എന്നാൽ താൻ സഖ്യ സർക്കാർ ഉണ്ടാക്കുമെന്നാണ് മുൻ പ്രധാനമന്ത്രി കൂടിയായ നവാസ് ഷെരീഫിന്റെ അവകാശവാദം. വോട്ടെണ്ണിത്തീരും മുമ്പേ തന്റെ പാർട്ടി വിജയിച്ചതായ വിചിത്രവാദം നവാസ് ഷെരീഫ് ഉയർത്തിയിരുന്നു. എന്നാൽ പിന്നീട്, മറ്റുള്ളവരുടെ പിന്തുണയില്ലാതെ തന്റെ പാർട്ടിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് നവാസ് ഷെരീഫ് സമ്മതിച്ചിരുന്നു. മാത്രമല്ല സഖ്യ സർക്കാരുണ്ടാക്കാൻ മറ്റ് പാർട്ടികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബേനസീർ ഭീട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ-സർദാരി നയിക്കുന്ന പിപിപി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകളും ഷെരീഫ് നൽകുന്നുണ്ട്.തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നാണ് പിടിഐയുടെ ആരോപണം. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 71 സീറ്റുകളാണ് നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽഎൻ ഇതുവരെ നേടിയത്. 53 സീറ്റുകൾ ബിലാവൽ ഭൂട്ടോയുടെ പിപിപിക്കും ലഭിച്ചു. 15 സീറ്റുകളിൽ ഇനിയും ഫലം പുറത്തുവരാനുണ്ട്.

Top